അബുദാബി: മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ഐഎസ്സി എൻഎംസി യൂത്ത് ഫെസ്റ്റിവലിന് 26നു തുടക്കം. 21 ഇനങ്ങളിൽ അറുനൂറിലേറെ കുട്ടികൾ ഈ കലാമാമാങ്കത്തിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം, കഥക്, ഒഡീസി, സെമി ക്ലാസിക്കൽ നൃത്തം, കർണാട്ടിക്, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, സിനിമാഗാനം, കരോക്കെ, ഉപകരണ സംഗീതം , മോണോ ആക്ട്, ഫാൻസി ഡ്രസ്സ് തുടങ്ങിയ ഇനങ്ങളിൽ മത്സരം നടക്കും. കിഡ്സ് ( പ്രായം 3, 6 ) , സബ് ജൂനിയർ (6 ,9 ), ജൂനിയർ (9, 12 ), സീനിയർ (12, 15 ), സൂപ്പർ സീനിയർ (15, 18) എന്നീ വിഭാഗങ്ങളിലാകും മൽസരങ്ങൾ.
ഏറ്റവും അധികം പോയിന്റുകൾ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് ഐഎസ്സി പ്രതിഭ , ഐഎസ് സി തിലകം പട്ടങ്ങൾ സമ്മാനിക്കും . ഏറ്റവും അധികം പോയിന്റുകൾ നേടുന്ന സ്കൂളിനും ഇക്കുറി ട്രോഫി സമ്മാനിക്കുമെന്ന് ഐഎസ്സി ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ അറിയിച്ചു. ഐ എസ്സി വെബ്സൈറ്റിലൂടെയും നേരിട്ടും പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ് .
അഞ്ചു വേദികളിൽ നടക്കുന്ന മത്സരങ്ങളിൽ വിധി നിർണയത്തിനായി ഇന്ത്യയിൽ നിന്നും കലാരംഗത്തെ പ്രമുഖരെ ക്ഷണിച്ചിട്ടുണ്ട്. എൻഎംസി , ഭവൻസ് പ്രൈവറ്റ് സ്കൂൾ, ഗ്ലോബൽ ഹെറിറ്റേജ് കന്പനി മാനേജ്മെന്റ് എന്നിവരാണ് മുഖ്യ പ്രായോജകർ.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
ഐഎസ്സി എൻഎംസി യൂത്ത് ഫെസ്റ്റിവൽ 26നു ആരംഭിക്കും
09:06 PM Oct 19, 2017 | Deepika.com