അബുദാബി: കലാമണ്ഡലം ഗോപിയുടെ നേതൃത്വത്തിൽ ’കണ്ണിണയ്ക്കാനന്ദം കഥകളി മഹോൽസവം’ ഒക്ടോബർ 19 വ്യാഴാഴ്ച അബുദാബി കേരള സോഷ്യൽ സെന്ററിലും 20 വെള്ളിയാഴ്ച ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിലും നടക്കുമെന്നു ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . കേരള സോഷ്യൽ സെന്റർ, ശക്തി തിയറ്റേഴ്സ്, മണിരംഗ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി അരങ്ങേറുന്നത്.
ഇരയിമ്മൻ തന്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നീ മൂന്നു കഥകളാണ് ഈ വർഷത്തെ കഥകളി മഹോൽസവത്തിൽ അവതരിപ്പിക്കുക. വ്യാഴാഴ്ചരാത്രി എട്ടിന് ഉത്തരാസ്വയംവരമാണ് അവതരിപ്പിക്കുക.
കലാമണ്ഡലം ഗോപി ദുര്യോധനന്റെ വേഷമണിയും. വെള്ളിയാഴ്ച 1.30 മുതൽ ഐഎസ്സിയിൽ കീചകവധവും രാത്രി 7.15 മുതൽ ദക്ഷയാഗവും അരങ്ങിലെത്തും. കഥകളിക്കു മുന്നോടിയായി പനമണ്ണ ശശിയും സംഘവും തായന്പക അവതരിപ്പിക്കും. കലാമണ്ഡലം ഷണ്മുഖൻ (കീചകൻ), കോട്ടക്കൽ കേശവൻ കുണ്ടളയാർ (രണ്ടാം ദക്ഷൻ), കലാമണ്ഡലം പ്രദീപ് (ദുര്യോധനൻ, വിരഭദ്രൻ), കലാമണ്ഡലം നീരജ് (ത്രിഗർത്തൻ), ഹരിപ്രിയ നന്പൂതിരി (സൈരന്ധ്രി), കലാമണ്ഡലം സുധീപ് (ശിവൻ), കലാമണ്ഡലം വിപിൻ (ഭാനുമതി), കലാമണ്ഡലം ജിഷ്ണുരവി (സതി) എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളണിയുക.
കോട്ടക്കൽ മധു, കലാനിലയം രാജീവൻ, കലാമണ്ഡലം വിഷ്ണു എന്നിവരാണ് ഗായകർ.കലാമണ്ഡലം കൃഷ്ണദാസ്, പനമണ്ണ ശശി, കലാമണ്ഡലം ശ്രീഹരി, മാർഗി രത്നാകരൻ, കലാനിലയം മനോജ് എന്നിവർ മേളമൊരുക്കും.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് പി.പത്ഭനാഭൻ, ഐഎസ്സി ആക്ടിംഗ് പ്രസിഡന്റ് ജയചന്ദ്രൻ നായർ, ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് വി.പി.കൃഷ്ണകുമാർ, മണിരംഗ് പ്രതിനിധി അജയൻ, മുഖ്യ പ്രായോജകരായ യുഎഇ എക്സ്ചേഞ്ച് സെന്റർ ഇവന്റ് വിഭാഗം മേധാവി വിനോദ് നന്പ്യാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
കഥകളി മഹോൽസവം അബുദാബിയിൽ ഒക്ടോബർ 19, 20 തീയതികളിൽ
08:56 PM Oct 19, 2017 | Deepika.com