ന്യൂയോർക്ക്: പദ്മശ്രീ കെ വിശ്വനാഥൻ 1956ൽ തിരുവനന്തപുരത്തെ അരുവിക്കരയിൽ സ്ഥാപിച്ച മിത്രാനികേതൻ സ്കൂളിന് വായനശാല നിർമിച്ചു നൽകി കലാവേദി പ്രവർത്തകർ തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത തെളിയിക്കുന്നു. 215ഓളം പ്രത്യേക പരിഗണനയർഹിക്കുന്ന കുട്ടികൾക്കായി പ്രവർത്തിക്കുന്ന അരുവിക്കരയിലെ വിശാലമായ 65 ഏക്കറിൽ പടർന്നുകിടക്കുന്ന കാന്പസിലാണ് വായനശാല നിർമ്മിക്കുന്നത്. നിലവിലുള്ള ഒരു പഴയ ഹോസ്റ്റൽ കെട്ടിടമാണ് ആധുനിക കന്പ്യൂട്ടർ സംവിധാനങ്ങളുള്ള വായനശാലയായി പരിണമിക്കുന്നത്. അന്താരാഷ്ട്ര നിലവാരമനുസരിച്ച് ഒരേ സമയം കുറഞ്ഞത് 50 കുട്ടികൾക്ക് വായനശാലയുടെ പ്രയോജനം ഉപകാരപ്പെടുത്താവുന്നതാണ്.
1956ലാണ് വിശ്വനാഥൻ മിത്രനികേതൻ സ്ഥാപിച്ചത്. മലബാർ പ്രദേശത്തുള്ള ഗോത്രവിഭാഗത്തിൽപെട്ട കുട്ടികളെ കൊണ്ടുവന്ന് താമസിപ്പിച്ചു വിദ്യാഭ്യാസം നൽകിയാണ് തുടക്കം. ആദ്യകാലത്ത് വളരെ എതിർപ്പുകൾ ഉണ്ടായിരുന്നുവെങ്കിലും വിശ്വനാഥന്റെ ഇച്ഛാശക്തിക്ക് മുൻപിൽ എതിർപ്പുകൾ മുട്ടുമടക്കി. മഹാത്മാഗാന്ധിയുടെയും, ടാഗോറിന്റെയും ദർശനങ്ങൾ വിശ്വനാഥന് ഉൗർജ്ജവും കരുത്തും നൽകി.
2004 മുതൽ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന കലാവേദി ഇന്റർനാഷണൽ എന്ന കലാ സാംസ്കാരിക സംഘടനയാണ് ഈ വായനശാലയുടെ നിർമാണത്തിന് ആവശ്യമായ തുക നൽകുന്നത്. മുൻപും മിത്രാനികേതന് കലാവേദി ധനസഹായം നൽകിയിരുന്നു. നവംബർ 4നു ന്യൂയോർക്കിൽ അരങ്ങേറുന്ന കലോത്സവത്തിൽ നിന്നും സമാഹരിക്കുന്ന പണം പൂർണമായും ഈ പദ്ധതിക്കാണ് കലാവേദി ഉപയോഗിക്കുന്നത്. 2006ൽ കലാവേദി ആരംഭിച്ച ആർട് ഫോർ ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്കായുള്ള ഇത്തരം പ്രവർത്തനങ്ങൾ കലാവേദി നടത്തിവരുന്നത്. 2006 മുതൽ 2011 വരെ ഇടുക്കിയിലെ പട്ടം കോളനി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ 150ലധികം കുട്ടികൾക്കായുള്ള ധനസഹായം, പുസ്തകവിതരണം, ബോധവൽക്കരണ സെമിനാറുകൾ എന്നിവ നടത്തിവന്നിരുന്നു. തിരുവല്ലയിലെ വൈഎംസിഎയുടെ കീഴിലുള്ള പരിഗണനയർഹിക്കുന്ന കുട്ടികൾക്കായുള്ള വികാസ്ഭവൻ സ്കൂളിന് ധനസഹായം നൽകാനും ആർട്ട് ഫോർ ലൈഫ് പ്രോജെക്ടിലൂടെ കലാവേദിക്ക് സാധിച്ചു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
മിത്രാനികേതൻ സ്കൂളിന് കലാവേദിയുടെ ഉപഹാരമായി വായനശാല
08:41 PM Oct 19, 2017 | Deepika.com