കേളി ബത്ഹ ഏരിയ സഫാമക്കാ ക്ലിനിക്ക് ആരോഗ്യ ബോധവത്കരണ ക്യാന്പ് നടത്തി

09:43 PM Oct 14, 2017 | Deepika.com
റിയാദ്: കേളി കലാ സാംസ്കാരിക വേദി ബത്ഹ ഏരിയ കമ്മിറ്റിയും സഫാ മക്ക പോളിക്ലിനിക്കും സംയുക്തമായി “ആരോഗ്യ ബോധവത്കരണ ക്യാന്പ്” സംഘടിപ്പിച്ചു. ശീതകാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തിൽ സഫാ മക്ക പോളിക്ളിനിക്കിലെ ഡോ. മുഹമ്മദ് ഫൈസിയും മീസിൽസ്, റൂബെല്ല വാക്സിനേഷൻ സംബന്ധമായ കാര്യങ്ങളെകുറിച്ച് റിയാദ് കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ (ഷിമേസി ഹോസ്പിറ്റൽ) ക്ലിനിക്കൽ ഇൻസ്ട്രക്ടർമാരായ ജിബി തങ്കച്ചൻ, ഷൈൻ ദേവ് എന്നിവരുമാണ് ക്ലാസെടുത്തത്.

പ്രവാസികൾക്കുണ്ടാകുന്ന ശീതകാല രോഗങ്ങളെ കുറിച്ചും അതിനെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ സംബന്ധിച്ചും ഡോ. മുഹമ്മദ് ഫൈസി സംസാരിച്ചു. മീസിൽസ്, റൂബെല്ല വാക്സിനേഷൻ സംബന്ധമായി വ്യാപകമായി സോഷ്യൽ മീഡിയയിലൂടെയും മറ്റും നടക്കുന്ന അബദ്ധ ജഡിലമായ പ്രചാരണങ്ങൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന തിരിച്ചറിവിൽ നിന്നാണ് കേളി ബത്ഹ ഏരിയ ആരോഗ്യ ബോധവത്കരണ ക്യാന്പ് സംഘടിച്ചത്. സദസിൽ നിന്നും ഉണ്ടായ നിരവധി സംശയങ്ങൾക്കു മറുപടികൾ നൽകി ആശങ്കകൾ പരിഹരിക്കാൻ ക്ലാസുകൾക്ക് നേതൃത്വം നൽകിയവർ ശ്രദ്ധിച്ചു. പരിപാടിയോടനുബന്ധിച്ച് പോസ്റ്റർ പ്രദർശനവും നടന്നു.

വെള്ളിയാഴ്ച ബത്ഹ പാരഗണ്‍ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ബത്ഹ ഏരിയ പ്രസിഡന്‍റ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി പ്രഭാകരൻ, കേന്ദ്ര സെക്രട്ടറി ഷൗക്കത്ത് നിലന്പൂർ, രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കണ്‍വീനർ ദസ്തകീർ, ഏരിയ ട്രഷറർ പ്രകാശൻ, രക്ഷാധികാരി സമിതി അംഗങ്ങളായ റഷീദ് മേലേതിൽ, കുഞ്ഞിരാമൻ, രാജീവൻ, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ള അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, കുട്ടികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

റിപ്പോർട്ട്: നൗഷാദ് കോർമത്ത്