ഡാളസ്: മഹാത്മ ഗാന്ധിജിയുടെ 148മത് ജ·ദിനം ഒക്ടോബർ രണ്ടിന് ഡാളസിലെ ഇർവിംഗ് സിറ്റിയിലുള്ള മഹാത്മാ ഗാന്ധി മെമ്മോറിയൽ പാർക്കിലുള്ള ഗാന്ധിജിയുടെ പ്രതിമയിൽ പുഷ്പാഞ്ജലി അർപ്പിച്ച് വേൾഡ് മലയാളീ കൗണ്‍സിൽ അമേരിക്ക റീജിയണിന്റെ നേതൃത്വത്തിൽ സമുചിതമായി ആഘോഷിച്ചു.
ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഗോപാലപിള്ളയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ റീജണൽ പ്രസിഡന്റ് ഷാജി രാമപുരം, സെക്രട്ടറി അലക്സ് അലക്സാണ്ടർ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോണ്സണ് തലച്ചെല്ലൂർ, റീജിയണൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഏലിയാസ് പത്രോസ്, മുൻ ഗ്ലോബൽ വൈസ് ചെയർമാനും, ഡാളസ് പ്രൊവിൻസ് പ്രസിഡന്റുമായ പ്രമോദ് നായർ, റീജിയണൽ വനിതാഫോറം ചെയർപേഴ്സണ്‍ ആൻശി തലച്ചെല്ലൂർ എന്നിവർ നേതൃത്വം നൽകി.
അമേരിക്കയിലെ നൊവാഡ സ്റ്റേറ്റിലെ ലാസ് വേഗാസിൽ നടന്ന കൂട്ടകുരുതിയിൽ അപലപിക്കുകയും, തോക്കുകളുടെ നിയന്ത്രണത്തിനായി പുതിയ നിയമ സംവിധാനം അനിവാര്യമാണെന്ന് ഗവണ്മെന്റിനോട് ആവശ്യപ്പെടുവാനും തീരുമാനിച്ചു.
അഹിംസയിലൂടെ സമാധാനത്തിന്റെ മാതൃക കാട്ടിതന്ന മഹാത്മാ ഗാന്ധിജിയുടെ മാതൃകാ ജീവിതം മാനവരാശിക്ക് എന്നും അനുകരണീയമാണ്. ഗ്രാമീണിയ സ്വയംപര്യാപ്തത എന്ന ഗാന്ധിജിയുടെ ആശയത്തെ മുൻനിർത്തിയാണ് വേൾഡ് മലയാളീ കൗണ്‍സിലിന്റെ നേതൃത്വത്തിൽ വില്ലേജ് അഡോപ്ഷൻ പദ്ധതി ആരംഭിച്ചത്. ഇന്ന് കേരളത്തിലെ ഏഴ് വില്ലേജിൽ ഇത് നടപ്പിലാക്കുവാൻ സാധിച്ചതിൽ നേതാക്കൾ ആത്മസംതൃപ്തിയിലാണ്.
വേൾഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു
11:01 PM Oct 04, 2017 | Deepika.com