ഹൂസ്റ്റണ്: സാമൂഹിക പ്രതിബദ്ധതയുടെ കൊടിയടയാളമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ കൂട്ടായ്മയായ ടെക്സസ് അസോസിയേഷൻ ഓഫ് ഇന്ത്യൻ സോഷ്യൽ വർക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ ഇക്കൊല്ലത്തെ ഓണം പരന്പരാഗത ഉത്സവത്തിമിർപ്പിന്റെ സ്മരണയിൽ ആഘോഷിച്ചു. സംഘടനയുടെ വൈസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ വസതിയിൽ നടന്ന ഓണ സംഗമത്തിൽ നിരവധി കുടുംബങ്ങൾ കേരളത്തനിമയോടെ സാന്നിധ്യം അറിയിച്ചു.
ഹാർവി കൊടുങ്കാറ്റിൽ ദുരിതമനുഭവിച്ചവർക്ക് മാനസികമായ പിന്തുണ നൽകുന്നതിനൊപ്പം അവർക്ക് ആവശ്യമായ അടിയന്തിര സഹായം എത്തിക്കുന്നതിലും അസോസിയേഷന്റെ പ്രവർത്തകർ കാണിച്ച മാനുഷിക മുഖത്തെ അഭിനന്ദിക്കുന്നുവെന്ന് അസോസിയേഷൻ ചെയർമാൻ ഡോ. ഫ്രാൻസിസ് ജേക്കബ്സ് പറഞ്ഞു. യോഗത്തിൽ വൈസ് ചെയർപേഴ്സണ് ഷീലാ ഈപ്പൻ ഓണസന്ദേശം നൽകി. മഹാബലി വിഭാവനം ചെയ്ത സമത്വവും സാഹോദര്യവും നമ്മുടെ പ്രവാസ ഭൂമിയിൽ സാധ്യമാക്കാൻ ഇത്തരം ഓണാഘോഷ പരിപാടികൾ അനിവാര്യമാണെന്നും അതിനായി നിസ്വാർത്ഥതയോടെ മുന്നിട്ടിറങ്ങണമെന്നും ഷീലാ ഈപ്പൻ പറഞ്ഞു.
സാമൂഹിക തിന്മകൾക്കെതിരെ ശബ്ദമുയർത്തുന്നതോടൊപ്പം നമുക്കു ചുറ്റും ബുദ്ധിമുട്ടനുഭവിക്കുന്നവരെ ആവുംവിധം സഹായിച്ച് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ഈ ലക്ഷ്യം മനസ്സിൽ വച്ച് ജനങ്ങളുടെ ഇടയിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെന്ന് ദൗത്യം നിർവഹിക്കേണ്ടതുണ്ട്. വൈസ് ചെയർമാൻ ഡോ. ജോർജ് കാക്കനാട്ട് വ്യക്തമാക്കി.
കഴിഞ്ഞ കുറേ വർഷങ്ങളായി ഹൂസ്റ്റണിലും പരിസരത്തുമുള്ള സോഷ്യൽ വർക്കേഴ്സിനെ ഐക്യച്ചരടിൽ കോർത്തിണക്കി മാനുഷികമായ സഹായങ്ങൾ ചെയ്തുവരുന്ന അസോസിയേഷൻ എല്ലാക്കൊല്ലവും ഓണം അതിന്റെ തനിമ ചേരാത്തവണ്ണം ആഘോഷിക്കുന്നുണ്ട്. തുടർന്നുള്ള വർഷങ്ങളിലും ഓണം സമുചിതമായി ആഘോഷിക്കുവാൻ നമ്മുടെ സാമൂഹിക പ്രവർത്തനങ്ങൾ കൈത്താങ്ങാകട്ടെയെന്ന് പ്രസിഡന്റ് ഫ്രാൻസിസ് ജോണ് ആശംസിച്ചു. ഇക്കൊല്ലത്തെ ഓണാഘോഷത്തിന് സെക്രട്ടറി ജോമൽ മാത്യു, ജോയിന്റ് സെക്രട്ടറി ബിനു മാത്യു, ട്രഷറർ സജി കണ്ണോലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഹൂസ്റ്റണിലെ ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് ഓണം ആഘോഷിച്ചു
10:49 PM Oct 04, 2017 | Deepika.com