കുവൈത്ത് സിറ്റി: സാംസ്കാരിക പ്രവർത്തനങ്ങൾക്ക് മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള പരിഗണനയാണ് ഈ സർക്കാർ നൽകി വരുന്നതെന്ന് സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ് ഐഎഎസ്. കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ കുവൈറ്റ് ചാപ്റ്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റാണി ജോർജ്. അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ: സുജ സൂസൻ ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തി. മലയാളം മിഷന്റെ പ്രവർത്തനങ്ങളെപ്പറ്റി അവർ വിശദീകരിച്ചു. മലയാളികളുള്ള എല്ലായിടത്തും മലയാളവും, നമ്മുടെ സംസ്കാരവും പുതു തലമുറയ്ക്ക് പകർന്നു നൽകുകയാണ് മലയാളം മിഷന്റെ ലക്ഷ്യം, പ്രവാസി സംഘടകളുടെ സഹകരണം ഇതിനാവശ്യമാണെന്നും റാണി ജോർജ്ജ പ്രസംഗത്തിൽ പറഞ്ഞു.
കുവൈത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ജോണ് മാത്യു അദ്ധ്യക്ഷത വഹിച്ച പരിപാടിയ്ക്ക് കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ.സജി സ്വാഗതം പറഞ്ഞു. സജീവ് എം. ജോർജ്ജ് മാതൃഭാഷാ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത് കുമാർ, വിവിധ സംഘടനാ പ്രതിനിധികളായ സി.എസ്.സുഗതകുമാർ, വർഗീസ് പുതുക്കുളങ്ങര, ശ്രിംലാൽ മുരളി, ഷെരീഫ് താമരശ്ശേരി, ബഷീർ ബാത്ത, മുഹമ്മദ് ഷെരീഫ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കുവൈറ്റിലെ വിവിധ സംഘടനാ പ്രവർത്തകർ, സാമൂഹികസാംസ്കാരിക പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, മാതൃഭാഷാ പ്രവർത്തകർ തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. സാം പൈനുംമൂട് പരിപാടിയ്ക്ക് നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: സലിം കോട്ടയിൽ
സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നല്ല പരിഗണന നൽകുന്നു: റാണി ജോർജ്
11:04 PM Oct 02, 2017 | Deepika.com