ദുബായ്: ഇന്ത്യയിലെ ആദ്യത്തെ ജനകീയ പ്രൊഫഷണൽ ടീമായ എഫ്സി കേരള ഫുട്ബോൾ ടീമും ദുബായ് കെഎംസിസിയും ചേർന്ന് ഫുട്ബോൾ പ്രേമികൾക്ക് അൽ ബറാഹ കെഎംസിസി ഓഡിറ്റോറിയത്തിൽ ഫുട്ബോൾ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ദുബായ് കഐംസിസി സംസ്ഥാന പ്രസിഡൻറ് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ച പരിപാടി യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീൻ നെല്ലറ ആശസകൾ നേർന്നു സംസാരിച്ചു. അഡ്വ: സാജിദ് അബൂബക്കർ എഫ്സി കേരള ടീമിനെ സദസിനു പരിചയപ്പെടുത്തി.
വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിനൊപ്പം വിവിധ മേഖലകളിൽ നേതൃത്വം നൽകിയ വ്യക്തിയും എഫ്സി കേരളയുടെ ടെക്നിക്കൽ ഡയറക്റ്ററുമായ വി.എ നാരായണ മേനോൻ മുഖ്യ പ്രഭാഷണം നടത്തി. കേരളത്തിലെ മുഴുവൻ ഫുട്ബോൾ പ്രേമികളെയും കളിക്കാരെയും ഒരേ കുടകീഴിൽ കൊണ്ടുവരികയും ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കാനും പ്രൊഫഷണൽ ആക്കാനും വേണ്ടിയാണ് എഫ്.സി കേരളയുടെ പ്രയാണമെന്നും, 2014 ജൂണ് 6ന് മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തിൽ വച്ചു പിറവിയെടുത്ത എഫ്സി കേരള സ്പോർട്സ് ലിമിറ്റഡ് എന്ന കന്പനിക്ക് കീഴിൽ എഫ്.സി കേരള എന്ന പേരിൽ രൂപീകരിച്ച ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം ഇന്ന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഏറെ പിന്തുണയാർജിച്ചെടുത്ത ടീമാണ് എന്ന് മേനോൻ വ്യക്തമാക്കി.
എഫ്.സി കേരളയുടെ മുഖ്യ പരിശീലകനും ഡയറക്റ്ററും 2001ലും 2004 ലും സന്തോഷ്ട്രോഫി നേടിയ ടീമിന്റെ ഗോൾകീപ്പറുമായ പി.ജി പുരുഷോത്തമൻ, പ്രൊമോട്ടറും മാനേജറുമായ കെ.എ നവാസ്, എഫ്.സി കേരളയുടെ പ്രൊമോട്ടർ മുഹമ്മദ് ഷാജി, കഐംസിസി നേതാക്കളായ മുസ്തഫ തിരൂർ, ഹസൈനാർ തോട്ടുംഭാഗം, മുഹമ്മദ് പട്ടാന്പി എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട്: നിഹ്മത്തുള്ള തയ്യിൽ
ഫുട്ബോൾ ശിൽപ്പശാല സംഘടിപ്പിച്ചു
11:00 PM Oct 02, 2017 | Deepika.com