ദുബായ് കെ എംസിസി–എഫ്സി കേരള ഫുട്ബോൾ വർക്ഷോപ്പ് 29 ന്

11:22 PM Sep 26, 2017 | Deepika.com
ദുബായ്: ഇന്ത്യയിലെ ആദ്യ ജനകീയ പ്രൊഫണൽ ടീമായ എഫ്സി കേരള ഫുട്ബോൾ ടീമും ദുബായ് കെ എംസിസിയും ചേർന്ന് വർക്ഷോപ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് (വെള്ളി) രാത്രി 7.30ന് ദുബായ് കെ എംസിസി ഹാളിൽ നടക്കുന്ന ശില്പശാലയിൽ 30 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്േ‍റഷനും ചോദ്യോത്തര സെഷനും ഉണ്ടായിരിക്കും.

ഇന്ത്യൻ അണ്ടർ 17 വേൾഡ് കപ്പ് ടീമിന്‍റെ ചീഫ് കോച്ചും വർഷങ്ങളായി ഇന്ത്യൻ ഫുട്ബോളിനൊപ്പം വിവിധ മേഖലകളിൽ പ്രവർത്തിച്ച നാരായണ മേനോൻ, മുൻ സന്തോഷ്ട്രോഫി ഗോൾകീപ്പർ പി.ജി പുരുഷോത്തമൻ, നവാസ്, എഫ്സി കേരളയുടെ പ്രൊമോട്ടർമാരിലൊരാളായ അഡ്വ: ദിനേശ് എന്നിവരും ശില്പശാലയിൽ പങ്കെടുക്കും.

എഫ്സി കേരള സ്പോർട്സ് ലിമിറ്റഡ് എന്ന കന്പനിക്ക് കീഴിൽ എഫ്സി കേരള എന്ന പേരിൽ 2014ൽ രൂപീകരിച്ച ജനകീയ പ്രൊഫഷണൽ ഫുട്ബോൾ ടീം ഇന്ന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഏറെ പിന്തുണയാർജിച്ചെടുത്ത ടീമാണ്. മലപ്പുറം കൊട്ടപ്പടി സ്റ്റേഡിയത്തിൽ 2014 ജൂണിലാണ് ഈ പേര് നാമകരണം ചെയ്യപെട്ടത്. മെല്ലെ വളരുക ഉറച്ചു നിൽക്കുക’ എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന എഫ്സി കേരള രണ്ടാം വർഷ ദേശീയ ലീഗിൽ കളിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് കുതിക്കുന്നത്.ഇതിനായി കേരള ഫുട്ബോൾ അസോസിയേഷന്‍റെ ശിപാർശയോടെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

ഫുട്ബോളിനെ കൂടുതൽ ജനകീയമാക്കാനും പ്രൊഫഷണൽ ആക്കാനും വേണ്ടിയുള്ള എഫ്സി കേരളയുടെയും ദുബായ് കെ എംസിസിയുടെയും ലക്ഷ്യമാണ് ശില്പശാലയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് പി.കെ അൻവർ നഹ, ആക്ടിംഗ് ജനറൽ സെക്രട്ടറി ഇസ്മായിൽ ഏറാമല, സ്പോർട്സ് വിഭാഗം ചെയർമാൻ ആവയിൽ ഉമ്മർ ഹാജി, ജനറൽ കണ്‍വീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ