ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാർ രൂപതയിലെ മതബോധന പ്രിൻസിപ്പൽമാരുടെ വാർഷിക സമ്മേളനം 2017 സെപ്റ്റംബർ 30നു ശനിയാഴ്ച കത്തീഡ്രൽ പാരീഷ് ഹാളിൽ വച്ചു നടക്കും. രൂപതയിലെ 41 ഇടവകകളിൽ നിന്നും 30 മിഷനുകളിൽ നിന്നുമുള്ള പ്രിൻസിപ്പൽമാർ രൂപതാ കത്തീഡ്രൽ ആസ്ഥാനത്തുവച്ചു നടക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കും. രൂപതയിലെ വിവിധ സണ്‍ഡേ സ്കൂളുകളിലായി 9000 വിദ്യാർത്ഥികളും 1100 അധ്യാപകരുണ്ട്.
ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർ ജോയി ആലപ്പാട്ട് സമ്മേളനത്തിൽ ആമുഖ സന്ദേശം നൽകും. ആലുവ പൊന്തിഫിക്കൽ സെമിനാരി ഡീൻ റവ.ഡോ. സിബി പുളിക്കൽ ക്ലാസുകൾ നയിക്കും. വി. കുർബാന കേന്ദ്രീകൃതമായ മതബോധനത്തെ സംബന്ധിച്ച പ്രബന്ധം റവ.ഡോ. സിബി പുളിക്കൽ അവതരിപ്പിക്കും.
രൂപതയുടെ കൂരിയാ അംഗങ്ങളായ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ, ഫാ. തോമസ് മുളവനാൽ, ഫാ. ജോർജ് മാളിയേക്കൽ, ഫാ. ജോണിക്കുട്ടി പുലിശേരി എന്നിവർ യോഗത്തിൽ സംബന്ധിക്കും. മതബോധന ചർച്ചകളിൽ റവ.ഡോ. ജോർജ് ദാനവേലി, ഫാ. പോൾ ചാലിശേരി എന്നിവരും പങ്കുചേരും. സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി മതബോധന ഡയറക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറന്പിൽ അറിയിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സീറോ മലബാർ കാറ്റക്കെറ്റിക്കൽ കോണ്‍ഫറൻസ് സെപ്റ്റംബർ 30ന് ഷിക്കാഗോയിൽ
09:52 PM Sep 22, 2017 | Deepika.com