ഫിലഡൽഫിയ: സമർപ്പിതമായ വൈദീക ശുശ്രൂഷയുടെ എട്ടുവർഷം വിജയകരമായി പൂർത്തീകരിച്ച് ന്യൂയോർക്കിലെ ഇടവക ശുശ്രൂഷയിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഫാ. ജോയി ജോണിന് ഫിലഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ ആഭിമുഖ്യത്തിൽ സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. എട്ടുനോന്പാചരണത്തിന്റെ സമാപനമായ സെപ്റ്റംബർ പത്തിന് വിശുദ്ധ കുർബാനയ്ക്കുശേഷം ചേർന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഇടവക എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. സീനിയർ വൈദീകനായ റവ.ഫാ. ജോസ് ദാനിയേൽ പയറ്റേലിന്റെ മഹനീയ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ നിരവധിയാളുകൾ പങ്കെടുത്തു.
ഉത്തത ദീർഘവീക്ഷണവും ഇച്ഛാശക്തിയും, അതിരില്ലാത്ത പ്രവർത്തന സന്നദ്ധതയും കൈമുതലായുള്ള റവ.ഫാ. ജോയി ജോണിന്റെ നേതൃത്വം ഇടവകയുടെ സന്പൂർണമായ ആത്മീയ ഭൗതീക വളർച്ചയ്ക്ക് വഴിയൊരുക്കിയെന്ന് ആശംസാ പ്രാസംഗീകർ ചൂണ്ടിക്കാട്ടി. ഇടവകയുടെ വിവിധ നിർമാണ പ്രവർത്തനങ്ങൾക്കും ആദ്ധ്യാത്മിക സംഘടനകളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾക്കും നൽകിയ നേതൃത്വം മഹനീയമാണ്.
സെക്രട്ടറി സരിൻ ചെറിയാൻ കുരുവിള അവതാരകനായിരുന്നു. ലിസി ജോർജ് (സെന്റ് മേരീസ് വിമൻസ് ലീഗ്), ആൻമേരി ഇടിച്ചാണ്ടി (യൂത്ത് അസോസിയേഷൻ), ഷാന ജോഷ്വാ (സണ്ഡേ സ്കൂൾ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഇടവകയുടെ സ്നേഹോപഹാരം ഫാ. ജോസ് ദാനിയേലും കമ്മിറ്റിയംഗങ്ങളും ചേർന്ന് അച്ചന് സമ്മാനിച്ചു. നാളിതുവരെ ഇടവക കൂട്ടായി നൽകിയ എല്ലാ സഹകരണങ്ങൾക്കും ഐക്യ പ്രവർത്തനങ്ങൾക്കും തന്റെ മറുപടി പ്രസംഗത്തിൽ അച്ചൻ നന്ദി പ്രകാശിപ്പിച്ചു. ട്രഷറർ മാത്യൂസ് മഞ്ച കൃതജ്ഞത രേഖപ്പെടുത്തി. സ്നേഹവിരുന്നോടെയാണ് ചടങ്ങുകൾ സമാപിച്ചത്. സെന്റ് പീറ്റേഴ്സ് കത്തീഡ്രലിന്റെ പുതിയ വികാരിയായി റവ.ഫാ. ഗീവർഗീസ് ജേക്കബ് ചാലിശേരി നിയമിതനായി.
റിപ്പോർട്ട്: പി.പി.ചെറിയാൻ
റവ.ഫാ. ജോയി ജോണിന് യാത്രയയപ്പ് നൽകി
09:40 PM Sep 21, 2017 | Deepika.com