അബുദാബി: അബുദാബി മലങ്കര കത്തോലിക്ക സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പുനരൈക്യ വാർഷിക ആഘോഷം മാർ ബസേലിയോസ് ഡേ എന്ന പേരിൽ അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ പാരീഷ് ഹാളിൽ സെപ്റ്റംബർ 21, 22 തീയതികളിൽ നടത്തപ്പെടുമെന്ന് പ്രസിഡന്റ് ജോർജ് തോമസ് മാങ്കാവിൽ, ജനറർ കണ്‍വീനർ ബാബു കെ. തോമസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ചു നടക്കുന്ന പൊതുസമ്മേളനം സെപ്റ്റംബർ 21 വ്യാഴാഴ്ച വൈകിട്ട് 6.30ന് വികാരിയേറ്റ് ഓഫ് സതേണ്‍ അറേബ്യയുടെ അധ്യക്ഷൻ ബിഷപ്പ് പോൾ ഹിൻഡർ ഉദ്ഘാടനം ചെയ്യും. സെന്റ് ജോസഫ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി ഫാ. ബോബിച്ചൻ ഏറെത്തൽ, ഫാ. ജോഷ്വ കുറ്റിയിൽ ഒഐസി, മലങ്കര കത്തോലിക്കാ സഭ യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് പോൾസണ്‍ മണപ്പുറത്ത്, അബുദാബി കമ്യൂണിറ്റി പ്രസിഡന്റ്ജോർജ് തോമസ് മാങ്കാവിൽ, സെക്രട്ടറി എബ്രഹാം മഞ്ഞക്കാല, ട്രഷറർ വിൽസണ്‍ പീറ്റർ, ജനറൽ കണ്‍വീനർ ബാബു കെ. തോമസ് എന്നിവർ പ്രസംഗിക്കും.
തുടർന്ന് എലിസിയന്‍ ഡിവൈന്ലി ഇന്‍സ്പെര്‍ഡ് എന്ന പേരിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. കേരളീയ പാരന്പര്യ കലയായ പരിചമുട്ടുകളി, യുവജന പ്രാർത്ഥന സംഘത്തിന്റെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന നാടകം, ഷോർട്ട് ഫിലിം, കുട്ടികളുടെ ഡാൻസ് എന്നിവ കലാപരിപാടികളുടെ ഭാഗമായി അവതരിപ്പിക്കപ്പെടും. സെപ്റ്റംബർ 22 വെള്ളിയാഴ്ച രാവിലെ 11ന് അർപ്പിക്കുന്ന വിശുദ്ധ കുർബാനയോടുകൂടി ഈ വർഷത്തെ പുനരൈക്യ ദിനാഘോഷങ്ങൾക്ക് സമാപനം കുറിക്കും.
പുനരൈക്യ വാർഷിക ആഘോഷം സെപ്റ്റംബർ 21, 22 തീയതികളിൽ
09:04 PM Sep 19, 2017 | Deepika.com