ന്യൂയോർക്ക്: 2018 ഓഗസ്റ്റ് 10,11,12 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക കണ്‍വൻഷന്റെ വിജയകരമായ പ്രവർത്തനങ്ങൾക്ക് ന്യൂയോർക്കിൽ തുടക്കം കുറിച്ചു. 2017 സെപ്റ്റംബർ 10ന് ഗ്ലെൻ ഓക്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നായർ ബനവലന്റ് അസോസിയേഷന്റെ ഓണാഘോഷ വേളയിൽ എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് മുഖ്യാതിഥിയായിരുന്നു. കണ്‍വൻഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുകയും എൻബിഎ കുടുംബാംഗങ്ങളെ ക്ഷണിക്കുകയും ചെയ്തു.
അമേരിക്കയിലെയും കാനഡയിലെയും ഏഴു സംഘടനകളോടെ തുടക്കം കുറിച്ച പ്രസ്ഥാനം ഇന്ന് എൻഎസ്എസ് ഓഫ് ഹഡ്സണ്‍ വാലിയുൾപ്പടെ പതിനൊന്ന് സംഘടനകളുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസ് ഓഫ് ഹഡ്സണ്‍വാലി പ്രസിഡന്റ് ജി.കെ. നായരുടെ പ്രവർത്തന മികവിന് പ്രത്യേകം അനുമോദിച്ചു. മറ്റു സംസ്ഥാനങ്ങളിലും എൻഎസ്എസിന്റെ പ്രവർത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നാഷണൽ വൈസ് പ്രസിഡന്റ് ഗോപിനാഥ് കുറുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന കിക്കോഫ് ചടങ്ങിൽ ആദ്യത്തെ രജിസ്ട്രേഷൻ എൻബിഎ പ്രസിഡന്റ് കരുണാകരൻ പിള്ളയ്ക്ക് നൽകിക്കൊണ്ട് പ്രസിഡന്റ് എംഎൻസി. നായർ ഉദ്ഘാടനം നിർവഹിച്ചു. നാല്പതിലധികം കുടുംബാംഗങ്ങൾ അന്നേ ദിവസം കണ്‍വൻഷനിലേക്ക് രജിസ്റ്റർ ചെയ്തു. ആയിരത്തിലധികം കുടുംബങ്ങൾ സംബന്ധിക്കുമെന്ന് കരുതുന്ന കണ്‍വൻഷനിൽ ന്യൂയോർക്കിൽ നിന്നും നൂറിലധികം കുടുംബങ്ങളെ പങ്കെടുപ്പിക്കുവാൻ കഴിയുമെന്ന് ഗോപിനാഥ് കുറുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
കണ്‍വൻഷനിൽ പ്രസിദ്ധീകരിക്കുന്ന സുവനീർ കമ്മിറ്റിയിൽ ന്യൂയോർക്കിൽ നിന്നുമുള്ള ജയപ്രകാശ് നായരും കുന്നപ്പള്ളിൽ രാജഗോപാലും പ്രവർത്തിക്കുമെന്ന് എം.എൻ.സി നായർ അറിയിച്ചു. കണ്‍വൻഷന്റെ കോചെയറായി സുനിൽ നായരെയും കൾച്ചറൽ കോഓർഡിനേറ്ററായി വനജ നായരെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
റിപ്പോർട്ട്: ജയപ്രകാശ് നായർ
എൻഎസ്എസ് ഓഫ് നോർത്ത് അമേരിക്ക ഷിക്കാഗോ കണ്വൻഷൻ കിക്കോഫ് നടന്നു
08:52 PM Sep 19, 2017 | Deepika.com