ഡാളസ്: ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഭാഗവത യജ്ഞത്തിലെ പരമാചാര്യനായ പ്രൊഫസർ വൈദ്യലിംഗ ശർമ്മക്ക് തൃശൂരിലെ ഭാഗവത പ്രേമികളുടെ സംഘം യാത്രയയപ്പ് നൽകി. തിരുവന്പാടി, പാറമേക്കാവ് ദേശത്തെ പൗര സമതികൾ ഒത്തുചേർന്ന് ഭാഗവത പ്രഭാഷണത്തിന് അമേരിക്കയിലേക്ക് ആദ്യമായി യാത്ര പുറപ്പെടുന്ന പ്രൊഫസർ വൈദ്യലിംഗ ശർമ്മക്ക് സർവമംഗളങ്ങളും നേർന്നു.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 8 വരെ നീണ്ടുനിൽക്കുന്ന സന്പൂർണ ഭാഗവത പാരായണവും, പ്രഭാഷണവുമാണ് ക്ഷേത്ര ഭാരവാഹികൾ വിഭാവന ചെയ്തിരിക്കുന്നത്. ഹിമാലയത്തിലെ ബദരി നാഥ് ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നുമുള്ള പ്രസാദങ്ങൾ, ശ്രീകൃഷ്ണ പ്രതിമകൾ, ശ്രീമദ് ഭാഗവതഗ്രന്ഥങ്ങൾ, പ്രഭാഷണ സിഡികൾ ഒക്കെയാണ് യജ്ഞ പ്രസാദമായി ഒരുക്കിയിരിക്കുന്നത്.
സർവ്വ ചരാചരങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഭഗവത് ചൈതന്യം ഒന്നു തന്നെയാണെന്ന് വിവിധ തത്വങ്ങളിലൂടെയും, കഥകളിലൂടെയും ആവർത്തിച്ച് വിശദീകരിച്ചു ശ്രോതാക്കളെ മത മാത്സര്യങ്ങളിൽ നിന്നും സ്വതന്ത്രമാക്കുന്ന ഉത്തമ ഗ്രന്ഥമാണ് ശ്രീമദ് ഭാഗവതം. ഒരു വ്യാഴവട്ടക്കാലത്തെ ഭാഗവത സപര്യകൊണ്ട് ആർജിച്ച അനുഭവ സന്പത്തു ലളിതവും, സരസവുമായ ഭാഷയിൽ ശ്രോതാക്കൾക്ക് മനസിലാക്കി കൊടുക്കുവാനുള്ള പ്രൊഫസർ വൈദ്യലിംഗ ശർമ്മയുടെ കഴിവ് നേരിട്ടനുഭവിക്കുവാൻ, ആത്മീയ ഉന്നതി കാംഷിക്കുന്ന എല്ലാവരും യജ്ഞത്തിൽ പങ്കാളികളാകുവാൻ കേരളാ ഹിന്ദു സൊസൈറ്റി ട്രസ്റ്റി ചെയർമാൻ കേശവൻ നായർ അഭ്യർത്ഥിക്കുന്നു.
പ്രൊഫസർ വൈദ്യലിംഗ ശർമ്മയുടെ ഭാഗവത യജ്ഞത്തിൽ ശ്രോതാക്കളാവാൻ ദൂരദേശങ്ങളിൽ നിന്നും എത്തിചേരുന്നവർക്കുള്ള താമസ സൗകര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ക്ഷേത്രവുമായി എത്രയും പെട്ടന്ന് ബന്ധപ്പെടണമെന് കേരള ഹിന്ദു സൊസൈറ്റി പ്രസിഡന്റ് രാമചന്ദ്രൻ നായർ അറിയിച്ചു.
റിപ്പോർട്ട്: സന്തോഷ് പിള്ള
ഭാഗവത പരമാചാര്യന് യാത്രയയപ്പ് നൽകപ്പെട്ടു
04:19 PM Sep 19, 2017 | Deepika.com