സ്വന്തം കുഞ്ഞിനെ ചവറ്റുകൊട്ടയിൽ എറിഞ്ഞ ഇന്ത്യക്കാരി കുറ്റക്കാരിയെന്ന് കോടതി

06:28 PM Sep 16, 2017 | Deepika.com
സ്റ്റാറ്റൻഐലൻഡ് (ന്യൂയോർക്ക്): സ്വന്തം കുഞ്ഞിനെ പ്രസവിച്ച ഉടൻ ചവറ്റുകൊട്ടയിൽ എറിഞ്ഞുകളഞ്ഞ ഇന്ത്യൻ യുവതി കുറ്റക്കാരിയെന്ന് കോടതി. സെപ്റ്റംബർ 12 നായിരുന്നു മുപ്പതുകാരിയായ നൗഷീൻ റഹ്മാന്‍റെ കുറ്റസമ്മതം കോടതിയിൽ രേഖപ്പെടുത്തിയത്. 12 വർഷത്തെ ശിക്ഷയായിരിക്കും ഒക്ടോബർ 12ന് കേസ് വിധി പറയുന്പോൾ ലഭിക്കുക എന്ന് അറ്റോർണി ഓഫീസ് അറിയിച്ചു.

2016 മാർച്ചിലായിരുന്നു അവിവാഹിതയായ നൗഷിൻ റഹ്മാൻ പെണ്‍കുഞ്ഞിന് ജ·ം നൽകിയത്. വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഓർത്ത് കുഞ്ഞിനെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു ചവറ്റുകൊട്ടയിൽ എറിയുകയായിരുന്നു. എറിയുന്പോൾ കുഞ്ഞിന് ജീവൻ ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കേസിൽ 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് ആദ്യം ചുമത്തിയിരുന്നത്.

സെപ്റ്റംബർ 12ന് ന്യൂയോർക്ക് സ്റ്റേറ്റ് കോടതി ജഡ്ജി മറിയൊ മാറ്റിയുടെ മുന്പാകെ ഹാജരാക്കിയ പ്രതിയോട് കുറ്റസമ്മതം നടത്തുന്നുവോ എന്നു കോടതി ആരാഞ്ഞു. കുറ്റസമ്മതം നടത്തുന്നില്ലെങ്കിൽ കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റുകയാണെന്നും വിസ്താരം പിന്നീട് തുടരുന്നതാണെന്നും അറിയിച്ചു. കുറ്റസമ്മതം നടത്തുകയാണെന്നു പ്രതി അറിയിച്ചതിനെത്തുടർന്ന് വിധി ഒക്ടോബർ 12ലേക്ക് മാറ്റുകയായിരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ