എസ്എംസിസി അഖണ്ഡ ബൈബിൾ പാരായണം നടത്തി

02:53 PM Sep 13, 2017 | Deepika.com
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്റിന്‍റെ നേതൃത്വത്തിൽ കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് ഫൊറോനാ ദേവാലയത്തിൽ അഖണ്ഡ ബൈബിൾ പാരായണം നടത്തി.

രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെയായിരുന്നു ഈ നോണ്‍ സ്റ്റോപ്പ് ബൈബിൾ വായന ക്രമപ്പെടുത്തിയിരുന്നത്. രാവിലെ 8 മണിക്ക് റവ.ഫാ. ജോർജ് ദാനവേലിന്‍റെ മഹനീയ സാന്നിധ്യത്തിൽ റവ.ഫാ ജോർജ് കാഞ്ഞിരക്കാട്ടിൽ തിരി തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.

പ്രകൃതി ദുരന്തങ്ങളാൽ മനുഷ്യൻ ഭയപ്പെടുകയും, വേദനിക്കുകയും ചെയ്യുന്ന ഈ കാലത്ത് ദൈവീകതയുടെ വെളിച്ചവും, ആത്മീയമൂല്യങ്ങളുടെ സ്രോതസും മനുഷ്യന് ബൈബിളിൽ കണ്ടെത്താൻ കഴിയുന്നു. മനുഷ്യചരിത്രത്തിന്‍റെ കാവലാളായി എന്നും നിലനിൽക്കുന്ന ബൈബിളിൽ യേശുവചനം എന്നും മനുഷ്യന് ആശ്വാസവും പ്രതീക്ഷയും രക്ഷയും നൽകി പരിപാലനത്തിന്‍റെ അനുഭവമാണ് ഒരുക്കുന്നത്.

ഒരു ദിനം മുഴുവൻ ഇടതടവില്ലാതെ കോറൽസ്പ്രിംഗ് ഇടവകയിലെ വിശ്വാസ സമൂഹം ദൈവ വചനം വായിച്ചത് ഇടവകയിൽ പുത്തൻ ഉണർവേകുമെന്നു വികാരി ഫാ. തോമസ് കടുകപ്പള്ളി അഭിപ്രായപ്പെട്ടു

എസ്എംസിസി ചാപ്റ്റർ പ്രസിഡന്‍റ് സാജു വടക്കേൽ, കമ്മിറ്റി അംഗങ്ങളായ ബാബൂ കല്ലിടുക്കിൽ, സിക്സി ഷാൻ, ജസ്സി പാറത്തുണ്ടി, സി. ജോളി മരിയ തുടങ്ങിയവർ ഈ അഖണ്ഡ ബൈബിൾ പാരായണത്തിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം