മാർത്തോമ സഭാ കൗണ്‍സിലിലേക്ക് റവ. ജോജി തോമസ്, വർക്കി ഏബ്രഹാം, നിർമ്മല ഏബ്രഹാം എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു

08:31 PM Aug 23, 2017 | Deepika.com
ന്യൂയോർക്ക്: മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിൽ നിന്നും സഭയുടെ ഭരണസമിതിയായ സഭാ കൗണ്‍സിലിലേക്ക് (2017, 2020) റവ. ജോജി തോമസ്, വർക്കി എബ്രഹാം, നിർമ്മല എബ്രഹാം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടതായി ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഐസക് മാർ ഫിലക്സിനോസ് അറിയിച്ചു.

റാന്നി വടശ്ശേരിക്കര സ്വദേശിയും ന്യൂയോർക്ക് എപ്പിഫനി മാർത്തോമ ഇടവക വികാരിയുമായ റവ. ജോജി തോമസ് കർണ്ണാടകയിലെ ഹോണോവാർ മേഖലകളിലെയും വടക്കൻ തിരുവിതാംകൂർ മേഖലകളിലെയും മാർത്തോമ സ്കൂളുകളുടെയും സെക്കന്തരാബാദ് സെന്‍റ് തോമസ് ഹൈസ്കൂളിന്‍റെയും ലോക്കൽ മാനേജരായും സേവനം ചെയ്തിട്ടുണ്ട്. ഹോണോവാർ മാർത്തോമ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രിൻസിപ്പലായും മാർത്തോമ യുവജന സഖ്യം കേന്ദ്ര കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സെക്കന്തരാബാദ് സെന്‍റ് തോമസ് ഹൈസ്കൂൾ പ്രിൻസിപ്പലായിരുന്ന ലിജി ജോജിയാണ് സഹധർമ്മിണി.

ന്യൂയോർക്കിലെ ലോഗ് ഐലന്‍റ് മാർത്തോമ ഇടവാംഗമായ വർക്കി എബ്രഹാം മുൻ സഭാ കൗണ്‍സിൽ അംഗവും സഭയുടെ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗവുമായിരുന്നു. യുണൈറ്റഡ് മീഡിയ ആന്‍റ് പ്രവാസി ചാനൽ ചെയർമാനും ഹാനോവർ കമ്മ്യൂണിറ്റി ബാങ്ക് ഡയറക്ടറുമാണ്. മുൻ സഭാ കൗണ്‍സിൽ അംഗം സൂസമ്മ എബ്രഹാമാണ് സഹധർമ്മിണി.

ഡലവെയർ സ്റ്റേറ്റിൽ താമസിക്കുന്ന നിർമ്മല എബ്രഹാം ഫിലാഡൽഫിയ മാർത്തോമ ഇടവാംഗവും നോർത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന സേവികാ സംഗത്തിന്‍റെ പ്രഥമ സെക്രട്ടറിയും ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മെക്സിക്കോ മിഷൻ, നേറ്റിവ് അമേരിക്കൻ മിഷൻ എന്നിവയുടെ പ്രഥമ കണ്‍വീനറും സഭയെ പ്രതിനിധീകരിച്ച് വേൾഡ് ഡേ പ്രയർ നാഷണൽ കമ്മിറ്റിയിലും വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസിന്‍റെ ആഫ്രിക്കയിലെ സിംബാവെയിൽ നടന്ന അസംബ്ലിയിലെ പ്രതിനിധിയും ആയിരുന്നു. അമേരിക്കയിലെ എൻജിഒയെ പ്രതിനിധാനം ചെയ്ത് യുഎൻഒയുടെ നേതൃത്വത്തിൽ ചൈനയിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. 1960 ൽ ഇന്ത്യയിൽ നിന്ന് കപ്പൽ മാർഗ്ഗം അമേരിക്കയിൽ വന്ന ആദ്യകാല മലയാളിയായ ഒ.സി. ഏബ്രഹാമാണ് ഭർത്താവ്.

റിപ്പോർട്ട്: ഷാജി രാമപുരം