ലോസ് ആഞ്ചെലെസിൽ ഓണം ശ്രീനാരായണ ഗുരു ജയന്തി ആഘോഷം സെപ്റ്റംബർ ഒൻപതിന്

08:08 PM Aug 23, 2017 | Deepika.com
ലോസ് ആഞ്ചെലെസ്: ലോസ് ആഞ്ചെലെസ് മലയാളികൾ ഈ വർഷത്തെ ഓണം സെപ്റ്റംബർ ഒൻപതിന് ആഘോഷിക്കുന്നു. കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്(ഓം) ആണ് ശ്രീനാരായണ ഗുരുജയന്തിയും ഓണവും സംയുക്തമായി ആഘോഷിക്കുന്നത്. സെപ്റ്റംബർ ഒൻപതിനു ശനിയാഴ്ച നോർവാക് പയനിയർ ബ്ലോവഡിലുള്ള സനാതന ധർമക്ഷേത്ര ഹാളിലാണ് കാലത്തു പതിനൊന്നരമുതൽ തുടങ്ങുന്ന ആഘോഷങ്ങൾ. ഡെപ്യൂട്ടി കോണ്‍സുൽ ജനറൽ രോഹിത് രതീഷാണ് ആഘോഷങ്ങളിലെ മുഖ്യാതിഥി.

വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കുശേഷം നിരവധി സാംസ്കാരിക പരിപാടികളും അവതരിപ്പിക്കപെടും. തിരുവാതിര, കൈകൊട്ടിക്കളി, ഓണപാട്ടുകൾ, നൃത്തനൃത്യങ്ങൾ, ഓണത്തിന്‍റെ ഐതിഹ്യത്തെക്കുറിച്ചും ഓണ സങ്കല്പങ്ങളെക്കുറിച്ചുമുള്ള സ്കിറ്റ്, വാദ്യമേളം തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ മലയാളികളെ ഓണകാല ഓർമകളിലേക്ക് കൈപിടിച്ചു നടത്തുംവിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഓണഘോഷവും ശ്രീനാരായണ ഗുരുജയന്തിയും വൻ വിജയമാക്കാൻ എല്ലാ മലയാളികളും ഒത്തുചേരണമെന്നു ഓം പ്രസിഡന്‍റ് രമ നായരും, ഭാരവാഹികളായ വിനോദ് ബാഹുലേയൻ, രവി വെള്ളതിരി, സുരേഷ് എഞ്ചൂർ എന്നിവരും അഭ്യർഥിച്ചു. ആഘോഷങ്ങളിൽ പങ്കുചെരാനെത്തുന്നവർക്ക് മതിയായ പാർകിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് സുരേഷ് (310 526 1325) വിനോദ് ബാഹുലേയൻ (818 339 0638) അല്ലെങ്കിൽ www.ohmcalifornia.org സന്ദർശിക്കുക.