പെയർലാൻഡ് (ടെക്സസ്): ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാളിന് പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ കൊടിയേറി. ഓഗസ്റ്റ് 12ന് പുതുതായി നിർമിച്ച കൊടിമരത്തിന്റെ വെഞ്ചരിപ്പും കൊടിയേറ്റും പ്രസുദേന്തി വാഴ്ചയും നടന്നു. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ. റൂബൻ താന്നിക്കൽ മുഖ്യ കാർമികത്വം വഹിച്ചു.
19ന് (ശനി) വൈകുന്നേരം ഏഴിന് ഹൂസ്റ്റണ്‍ ഫൊറോനാപള്ളി വികാരി ഫാ. കുര്യൻ നെടുവേലിച്ചാലുങ്കലിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും നൊവേനയും ലദീഞ്ഞും ജപമാല പ്രദക്ഷിണവും നടക്കും.
പ്രധാന തിരുനാൾ ദിനമായ 20ന് (ഞായർ) രാവിലെ എട്ടിന് ജപമാല സമർപ്പണത്തോടെ തിരുനാൾ ചടങ്ങുകൾക്ക് തുടക്കം കുറിക്കും, തുടർന്ന് അടിമവയ്ക്കൽ, മുടി എഴുന്നള്ളിക്കൽ എന്നിവക്കുശേഷം ഫാ. സിബി സെബാസ്റ്റ്യൻ എംഎസ്ടിയുടെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ റാസ കുർബാനയും തിരുനാൾ സന്ദേശവും നടക്കും. തുടർന്ന് വിശുദ്ധരുടെ തിരുസ്വരൂപവും വഹിച്ച് ആഘോഷമായ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
തിരുക്കർമങ്ങളിൽ പങ്കെടുത്ത് മാതാവിന്റെ അനുഗ്രഹം നേടുവാൻ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. റൂബൻ താന്നിക്കലും കൈക്കാരൻമാരും പ്രസുദേന്തിമാരായ ബിജു മുക്രക്കാട്ട്, ജേക്കബ് മാത്യു, ജെയ്സണ്‍ തേക്കുംപുറം, ജോണ്‍ പത്രോസ്, ജോണി മത്തായി, ജോസഫ് ഗ്രിഗറി, ജസ്റ്റിൻ പൗലോസ്, കുര്യൻ ഡേവിഡ്, രെജി മൊയലൻ, സോജൻ പോൾ, ഷിബു ജോസഫ്, ടെൽസണ്‍ പഴംപിള്ളി എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ജീമോൻ റാന്നി
പെയർലാൻഡ് സെന്റ് മേരീസ് ദേവാലയത്തിൽ തിരുനാൾ 19, 20 തീയതികളിൽ
07:41 PM Aug 19, 2017 | Deepika.com