ഒമാനിൽ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു

04:18 PM Aug 17, 2017 | Deepika.com
മസ്കറ്റ്: രാജ്യത്തിന്‍റെ എഴുപതാമതു സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാന്‍റെ വിവിധ സ്ഥലങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ വർണാഭമായ ചടങ്ങുകളോടെ കൊണ്ടാടി.സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഇന്ത്യൻ സ്കൂൾ വാദി കബീറിൽ (പ്രൈമറി സ്കൂൾ) പതാക ഉയർത്തി.

വാദികബീർ സ്കൂളിനു പുറമെ ഇന്ത്യൻ സ്കൂൾ ഗോബ്രാ, ഇന്ത്യൻ സ്കൂൾ മസ്കറ്റ്, ഡാർസയിറ്റ്, സീബ്, മൊബേല എന്നിവിടങ്ങളിലെ കുട്ടികളുടെ മാർച്ച്പാസ്റ്റും, ന്ധഐ ലവ് മൈ ഇന്ത്യന്ധ എന്ന ആശയത്തിൽ വാദികബീർ സ്കൂൾ അവതരിപ്പിച്ച സാംസ്കാരിക പ്രദർശനവും നടന്നു.കഴിഞ്ഞകാലങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങൾ എടുത്തുകാട്ടുന്ന ഫ്ളോട്ടുകളും അവതരിപ്പിക്കപ്പെട്ടു.

ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ചടങ്ങുകളിൽ സ്ഥാനപതി ദേശീയ പതാക ഉയർത്തി.തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം വായിച്ചു.ഗോബ്രാ ഇന്ത്യൻ സ്കൂളിൽ നിന്നുള്ള കുട്ടികൾ ദേശീയ ഗാനവും,ദേശ ഭക്തി ഗാനങ്ങളും ആലപിച്ചു.സ്ഥാനപതി പങ്കെടുത്ത ചടങ്ങുകളിൽ മാത്രമാണ് ദേശീയ പതാക ഉയർത്തിയത്. മറ്റിടങ്ങളിൽ പതാക ഉയർത്തുന്നതിന് കർശനമായ വിലക്കുണ്ടായിരുന്നു. ദേശീയ പതാകയോടുള്ള ആദരവ് നിലനിറുത്തുന്നതിന്‍റെ ഭാഗമായാണ് ഇത്തരമൊരു നിർദേശം വന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എംബസിയിൽ നടന്ന ചടങ്ങുകളിൽ നാനൂറോളം പേർ എത്തിയിരുന്നു. ഒമാൻ- ഇന്ത്യ ബന്ധങ്ങൾ നിലനിറുത്തുന്നതിൽ ഓരോ ഇന്ത്യാക്കാരനും വഹിക്കുന്ന പങ്കിനെ എടുത്തുപറഞ്ഞ സ്ഥാനപതി കോണ്‍സുലർ സേവനങ്ങൾ ഉൾപ്പെടെ ഇന്ത്യക്കാർക്ക് സ്തുത്യർഹ സേവനങ്ങൾ തുടർന്നും കൃത്യമായി നൽകാൻ സ്ഥാനപതി കാര്യാലയം മുന്തിയ പരിഗണന നൽകുമെന്നാവർത്തിച്ചുറപ്പു നൽകി.



വൈകിട്ട് സ്ഥാനപതി ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഒമാൻ ഷെരാട്ടൻ ഹോട്ടലിൽ ഡിന്നർ നൽകി.വിരുന്നിൽ ദിനേശ് പൊദ്ദറിന്‍റെ കഥക് നൃത്തവും അവതരിപ്പിക്കപ്പെട്ടു. ഇന്ത്യക്കാരെ കൂടാതെ ഒമാനി പ്രമുഖരും, വിവിധ രാജ്യങ്ങളിൽ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.ഒമാൻ ടൂറിസം മന്ത്രി അഹമ്മദ് നാസർ അൽ മെഹ്റസിയായിരുന്നു മുഖ്യാഥിതി.ഇന്ത്യൻ സമൂഹത്തോട് സർക്കാരും,ഒമാനികളും കാണിക്കുന്ന സ്നേഹത്തിനും, സൗഹൃദത്തിനും സ്ഥാനപതി നന്ദി പറഞ്ഞു.മജ്ലിസ് അൽ ധൗള, മജ്ലിസ് അൽ ഷൂറാ, വിദേശ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, സുൽത്താൻസ് ആംഡ് ഫോഴ്സ്, ചേംബർ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കേക്ക് മുറിക്കലും നടന്നു.

റിപ്പോർട്ട്: സേവ്യർ കാവാലം