രാമായണ മാസാചരണത്തിന് ഗീതാമണ്ഡലത്തിൽ പരിസമാപ്തി

01:10 PM Aug 16, 2017 | Deepika.com
ഷിക്കാഗോ: കർക്കിടക ഒന്ന് മുതൽ ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തിൽ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ പരിസമാപ്തി ആയി. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്നതിന്‍റെ തയ്യാറെടുപ്പുകൂടിയായി ആണ് രാമായണ പാരായണം ഗീതാമണ്ഡലത്തിൽ നടത്തുന്നത്.

നോർത്ത് അമേരിക്കയിൽ ഇത് ആദ്യമായാണ്, രാമായണ പാരായണത്തോടൊപ്പം ഇത്ര വിപുലമായ രീതിയിൽ ശ്രീരാമ പട്ടാഭിഷേകം സംഘടിപ്പിക്കുന്നത്. രാമായണം പാരായണം, ശ്രീരാമ പട്ടാഭിഷേകത്തിൽ എത്തിയ നിമിഷം, ശ്രീരാമ നാമഘോഷം നിറഞ്ഞുനിന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ, പ്രധാന പുരോഹിതൻ ലക്ഷ്മി നാരായണ ശാസ്ത്രികൾ ഭഗവാനു നവകാഭിഷേകവും തുടർന്നു അലങ്കാരങ്ങളും നടത്തി. അതിനു ശേഷം നൈവേദ്യ സമർപ്പണവും, തുടർന്നു മന്ത്രഘോഷത്താൽ പുഷ്പാഭിഷേകവും അർച്ചനയും ദീപാരാധനയും നടത്തി. തുടർന്ന് അനുശ്രീ ജിജിത് ആലപിച്ച ശ്രീരാമചന്ദ്ര കീർത്തനങ്ങൾക്കു ശേഷം ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം പരിസമാപ്തിയിൽ എത്തി.

ഈ വർഷത്തെ രാമായണ പരിസമാപ്തിയിൽ പങ്കെടുക്കുവാൻ ഷിക്കാഗോയിൽ നിന്നും മറ്റു സ്ഥലങ്ങളിൽ നിന്നും വളരെ അധികം ഭക്തർ വന്നിരുന്നു. രാമായണ ആചാര്യർ ജിതേന്ദ്ര കൈമളുടെയും ഹരിഹരൻ ശർമ്മയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഈ വർഷത്തെ രാമായണ പാരായണ മഹോത്സവം അതിന്‍റെ പരിസമാപ്തിയിൽ എത്തിയപ്പോൾ , ഭക്തിയുടെ ഉയർന്ന തലത്തിൽ എത്തപ്പെട്ട അനുഭവമാണ് ലഭിച്ചത് എന്ന് ഭക്തർ അഭിപ്രായപ്പെട്ടു. രാമായണം പാരായണം ചെയ്യുന്നത് കോടി ജ·ങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന് ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത് എന്ന് ഗീതാമണ്ഡലം പ്രസിഡന്‍റ് ജയ് ചന്ദ്രൻ അഭിപ്രായപ്പെട്ടു.



പുരാതന ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ സൃഷ്ടികളിലൊന്നായ രാമായണത്തിന്‍റെ പ്രഭാവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും ദക്ഷിണപൂർവേഷ്യയിലെയും സംസ്കാരങ്ങളിൽ പ്രതിഫലിച്ചുകാണാം എന്നും ധർമ്മാധർമ്മങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സൃഷ്ടികൾ ലോക സാഹിത്യത്തിൽ വിരളമാണ് എന്ന് തുടർന്ന് നടന്ന സത്സംഗം നയിച്ചു കൊണ്ട് ക്ഷ്മി നായർ പറഞ്ഞു.

രാമായണം വായിക്കുന്ന ആർക്കും ഒറ്റ ചിന്തയേ വരൂ. രാമായണത്തിലെ കഥാപാത്രങ്ങൾ അന്യോന്യമുള്ള സ്നേഹത്തിന്‍റെ ശക്തി. ഈ സ്നേഹം നിലനിർത്താനുള്ള ഏകപോംവഴി ഭക്തി തന്നെ. സ്വസ്വരൂപ അനുസന്ധാനം ഇനി ഭക്തി എന്ന ശങ്കരവചനം എത്ര ശരിയാണ് എന്നു ഡോക്ടർ ശകുന്തളാ രാജഗോപാലും, സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന മനുഷ്യനായ രാമൻ ആവിഷ്കരിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസാണ് രാമായണം എന്നു രാധാകൃഷ്ണൻ നായരും, ഏതു പ്രലോഭനത്തിന്‍റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമൻ. ശ്രീരാമനെപ്പോലെ സ്ഥിരപ്രജ്ഞനായ ഒരു കഥാപാത്രത്തെ നമ്മുടെ പുരാണ സാഹിത്യത്തിൽ തന്നെ വിരളമായേ കണ്ടെത്താനാകു, അതുപോലെ ഭാരതീയ ആദർശ സ്ത്രീത്വത്തിന്‍റെ അവസാനവാക്കായി നമ്മുക്ക് കാണുവാൻ കഴിയുന്ന മറ്റൊരു കഥാപാത്രമാണ് സീതാദേവി, അങ്ങനെ ഓരോ കഥാപാത്രങ്ങളെയും നോക്കിയാൽ അവർ എല്ലാം തന്നെ ആദർശത്തിന്‍റെ മൂർത്തീഭാവമാണ് എന്ന് കാണാം എന്നു ബിജു കൃഷ്ണനും രാമായണം പാരായണത്തിലൂടെ മനസിനു ശാന്തിയും സമാധാനവും ലഭിക്കും എന്ന് വാസുദേവൻ പിള്ളയും, രാമായണം നിത്യ പാരായണമാക്കേണ്ടതിന്‍റെ ആവശ്യകതയെ പറ്റി ഗോപാലകൃഷ്ണനും സംസാരിച്ചു. ശ്രീരാമ പട്ടാഭിഷേകത്തിനും പൂജകൾക്കും ഗീതാ മണ്ഡലത്തിന്‍റെ അത്മീയ ആചാര്യൻ ആനന്ദ് പ്രഭാകർ നേതൃത്വം നല്കി. ബൈജു എസ് മേനോൻ നന്ദി പ്രകാശിപ്പിച്ചു. ഓഗസ്ത് 25 നു അമേരിക്കയിൽ ആദ്യമായി നടക്കുന്ന അത്തച്ചമയ ഘോഷയാത്രയിലും വിനായക ചതുർത്ഥി ഉത്സവത്തിലും, സെപ്തംബർ ഒന്പതിനു നടക്കുന്ന ഓണാഘോഷത്തിലും പങ്കെടുത്ത് വിജയിപ്പിക്കുവാൻ ശേഖരൻ അപ്പുക്കുട്ടൻ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം