വാഷിംഗ്ടണ്‍: അമേരിക്കയിൽ 2020ൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരുക്കങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് 13ന് പുറത്തിറക്കിയ ആദ്യ ടിവി പരസ്യത്തിൽ തന്റെ അജണ്ട നടപ്പാക്കുന്നതിന് തടസം നിൽക്കുന്ന ഡെമോക്രാറ്റുകൾക്കെതിരെ ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്.
ഏഴു മാസം കൊണ്ട് പ്രസിഡന്റ് എന്ന നിലയിൽ വൻ നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞതായി ട്രംപ് അവകാശപ്പെട്ടു. തൊഴിലില്ലായ്മ നിരക്ക് വളരെ കുറയ്ക്കുന്നതിനും സ്റ്റോക് റെപ്രസുകൾ ഉയർത്തുന്നതിനും ശക്തമായ പ്രതിരോധനിര വാർത്തെടുക്കുന്നതിനും കഴിഞ്ഞതുതന്നെയാണ് നേട്ടങ്ങളായി ട്രംപ് ഉയർത്തിക്കാണിക്കുന്നത്.
പ്രസിഡന്റ് എന്ന നിലയിൽ തന്റെ ജോലി തുടരുവാൻ അമേരിക്കൻ ജനത ആവശ്യപ്പെടുന്പോൾ ശത്രുക്കൾ തന്റെ വിജയം കാണുവാൻ ആഗ്രഹിക്കുന്നില്ല എന്നും പരസ്യത്തിൽ കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല.
ചാർലട്സ് വില്ലയിൽ നടന്ന വൈറ്റ് സുപ്രമിസ്റ്റുകളും എതിരാളികളും തമ്മിൽ നടന്ന സംഘടനത്തിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ അടുത്തദിവസം തന്നെ ട്രംപിന്റെ പ്രചാരണ പരസ്യം പുറത്തിറക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്.
റിപ്പോർട്ട്: പി.പി. ചെറിയാൻ
ട്രംപ് 2020 പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ ആരംഭിച്ചു
06:51 PM Aug 14, 2017 | Deepika.com