ഫൊക്കാനാ നഴ്സ് സെമിനാറിന്‍റെ ചെയർപേഴ്സണായി മേരി ഫിലിപ്പിനെ നിയമിച്ചു

05:49 PM Jul 25, 2017 | Deepika.com
ന്യൂയോർക്ക്: 2018 ജൂലൈ നാലു മുതൽ ഏഴു വരെ ഫിലാഡൽഫിയായിൽ വച്ചു നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടത്തുന്ന നഴ്സ് സെമിനാറിന്‍റെ ചെയർപേഴ്സണായി മേരി ഫിലിപ്പിനെ നിയമിച്ചതായി പ്രസിഡന്‍റ് തന്പി ചാക്കോ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

കഴിഞ്ഞ ഇരുപത്തിയാറു വർഷമായി ഫൊക്കാനായുടെ സന്തത സഹചാരിയാണ് മേരി ഫിലിപ്പ്. ഫൊക്കാനായുടെ ടാലെന്‍റ് കോംപറ്റീഷൻ ചെയർ, വിമൻസ് ഫോറം ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്, കഴിഞ്ഞ പല ഫൊക്കാനാ കണ്‍വൻഷനുകളിലും നഴ്സ് സെമിനാറിന്‍റെ കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുള്ള മേരി, ഫൊക്കാനാ റീജിണൽ ജോയിന്‍റ് സെക്രട്ടറി, ഇന്ത്യൻ നഴ്സ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്‍റ്, ഇന്ത്യൻ കാത്തലിക് അസോസിയേഷന്‍റെ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാനായും പ്രവർത്തിച്ചു വരുന്നു.

നിത്യവൃത്തിക്കുള്ള വേതനം പോലും ലഭിക്കുന്നില്ല എന്നുവരുന്പോൾ നഴ്സുമാർ എത്ര വലിയ ചൂഷണത്തിനാണ് ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാണ്. രോഗികളുടെ ജീവന്‍റെ പ്രാധാന്യം പോലെ തന്നെയാണ് അവരുടെ ജീവൻ നിലനിർത്താൻ പാടുപെടുന്ന നഴ്സുമാരുടെ ജീവിതവും. സേവനവേതന പരിഷ്കരണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നഴ്സുമാരുടെ സംഘടനകൾ നടത്തിയെങ്കിലും ഇപ്പോഴത്തേ സമരം വിജയിച്ചതു കേരളത്തിലെ നഴ്സുമാരുടെ ശക്തമായ സമരം മൂലമാണെന്നും ഫൊക്കാനായുടെ പിന്തുണ അവർക്കു എന്നും ഉണ്ടാകുമെന്നും മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ