"അന്നൂർ’ഖുർആൻ ഓണ്‍ലൈൻ ക്വിസ്: ഷബീറ, റുബീന ജേതാക്കൾ

07:08 PM Jul 22, 2017 | Deepika.com
കുവൈത്ത്: ഇന്ത്യൻ ഇസ് ലാഹി സെന്‍റർ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുർആൻ ഓണ്‍ലൈൻ റംസാൻ ക്വിസ് മത്സരത്തിലെ ഗ്രാൻഡ് ഫിനാലയിൽ ഷബീറ ഷാക്കിർ (കൽപ്പറ്റ) ഒന്നാം സ്ഥാനവും റുബീന അബ്ദുറഹിമാൻ (കുനിയിൽ) രണ്ടാം സ്ഥാനവും ഫാത്തിമ്മ അപ്പാടത്ത് (അബുദാബി) മൂന്നാം സ്ഥാനവും നേടി. പേഴ്സണ്‍ ഓഫ് ക്വിസ് സീരിസായി ഫാത്തിമ്മ സഅ്ദി (പുളിക്കൽ) നെ തെരെഞ്ഞെടുത്തു.

കുവൈത്ത്, ഒമാൻ, ബഹറിൻ, ഖത്തർ, സൗദ്യ അറേബ്യ, അബുദാബി, ഷാർജ, ദുബായ്, ബംഗളൂരു, കേരള തുടങ്ങി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് മത്സരത്തിൽ പങ്കെടുത്തത്. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തിന്‍റെ 24 മത്തെ അധ്യായമായ അന്നൂറിനെ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. റംസാൻ രണ്ട് മുതൽ പതിനെട്ട് വരെ നടന്ന മത്സരത്തിൽ നിന്ന് ഓരോ ദിവസവും വിജയികളെ കണ്ടെത്തിയിരുന്നു. വിജയികൾക്ക് കാഷ് പ്രൈസും പ്രശസ്തി പത്രവും ഐഐസിയുടെ പൊതു പരിപാടിയിൽ വിതരണം ചെയ്യും.

ഓണ്‍ലൈൻ അടുത്ത പരീക്ഷ സൂറ. ഫുർഖാനിനെ അവലംബിച്ച് ഓഗസ്റ്റ് ആദ്യ വാരം തുടങ്ങുമെന്ന് വെളിച്ചം സെക്രട്ടറി അറിയിച്ചു. മത്സരം എല്ലാ തിങ്കളാഴ്ചകളിലുമായിരിക്കും നടക്കുക.

വിവരങ്ങൾക്ക്: +965 6582 9673.

റിപ്പോർട്ട്: സലിം കോട്ടയിൽ