ലാനാ സമ്മേളനം: ഡാളസിൽ രജിസ്ട്രേഷൻ കിക്ക് ഓഫ് ചെയ്തു

06:49 PM Jul 19, 2017 | Deepika.com
ഡാളസ്: ന്യൂയോർക്കിൽ ഒക്ടോബർ ആറ്, ഏഴ്, എട്ട് തീയതികളിൽ നടക്കുന്ന ലാനാ നാഷണൽ കണ്‍വൻഷനിൽ ഡാളസിൽ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ രജിസ്ട്രേഷൻ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. ഡാളസ് ലൂയിസ് വില്ലയിൽ ജൂലൈ 17 ന് ചേർന്ന കെഎൽഎസിന്‍റെ പ്രവർത്തക യോഗത്തിൽ പ്രസിഡന്‍റ് ഏബ്രഹാം തെക്കേമുറി അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് ജോസ് ഓച്ചാലിൽ സമ്മേളനത്തിന്‍റെ വിജയത്തിനായി ഡാളസ് കെഎൽഎസ് പ്രവർത്തകരുടെ സഹകരണം അഭ്യർഥിച്ചു.

ഏബ്രഹാം തെക്കേമുറി സംഘടനാ രൂപീകരണത്തെക്കുറിച്ചും സംഘടനയ്ക്കുണ്ടായ വളർച്ചയെക്കുറിച്ചും വിശദീകരിച്ചു. സംഘടനയിൽ അച്ചടക്കം പാലിക്കപ്പെടേണ്ടതും കെഎൽഎസിന്‍റെ പ്രവർത്തക യോഗങ്ങളിൽ അംഗങ്ങൾ പങ്കെടുക്കേണ്ടതും അനിവാര്യമാണെന്ന് പ്രസിഡന്‍റ് നിർദ്ദേശം നൽകി. കവിയും ട്രഷറാറുമായ ജോസൻ ജോർജ് സാഹിത്യ സൃഷ്ടികളുടെ മൂല്യച്യുതിയെക്കുറിച്ച് സംസാരിച്ചു. എഴുത്തും വായനയും ചാനലുകളുടെ അതിപ്രസരത്തിൽ അപ്രസ്കതമാക്കുന്നതായും ജോസൻ ചൂണ്ടിക്കാട്ടി. ഭരണഘടനയ്ക്ക് വിധേയമായി കെഎൽഎസിന്‍റെ യോഗങ്ങളിൽ തുടർച്ചയായി നാലു തവണ പങ്കെടുക്കാത്ത പ്രവർത്തകരെ പ്രാഥമിക അംഗത്വത്തിൽ നിന്നും നീക്കം ചെയ്യുന്നതിനുള്ള തീരുമാനം യോഗം ഐക്യകണ്ഠേനെ അംഗീകരിച്ചു. കെഎൽഎസ് സെക്രട്ടറി സി.വി. ജോർജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റോസമ്മ ജോർജ്, ആൻസി ജോസ്, സിജു വി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ