കാനഡയിലെ സീറോ മലബാർ എക്സാർക്കേറ്റ് സന്ദർശനത്തിന് കർദിനാൾ മാർ ആലഞ്ചേരി എത്തും

12:54 PM Jul 17, 2017 | Deepika.com
മിസിസാഗ: വിശ്വാസത്തിന്‍റേയും വളർച്ചയുടേയും പാതയിൽ മാതൃകാപരമായ മുന്നേറ്റം നടത്തുന്ന കാനഡയിലെ സീറോ മലബാർ അപ്പോസ്തലിക് എക്സാർക്കേറ്റ് സന്ദർശത്തിനായി മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി എത്തുന്നു. വിശ്വാസവീഥിയിൽ രണ്ടാം വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന എക്സാർക്കേറ്റിന്‍റെ പ്രവർത്തനങ്ങൾക്ക് നവോേ·ഷം പകരുന്നതിനുള്ള സംഗമങ്ങളിൽ പങ്കെടുക്കുന്നതിനും, എഡ്മന്‍റണിൽ സ്വന്തമായ ദേവാലയത്തിന്‍റെ കൂദാശാകർമ്മവും, മിസിസാഗാ സെന്‍റ് അൽഫോൻസാ കത്തീഡ്രലിലെ പ്രഥമ തിരുനാൾ ആഘോഷവുമാണ് സന്ദർശനപരിപാടികളിൽ ശ്രദ്ധേയം. ആറു ദിവസത്തെ സന്ദർശനത്തിനായി മാർ ജോർജ ആലഞ്ചേരി പിതാവ് ജൂലൈ 26-ന് എത്തും. എക്സാർക്കേറ്റ് രൂപീകരണത്തിന്േ‍റയും, മാർ ജോസ് കല്ലുവേലി പിതാവിന്‍റെ മെത്രാഭിഷേകത്തിന്േ‍റയും ചടങ്ങുകൾക്കുശേഷമുള്ള ആദ്യ ഇടയസന്ദർശനം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ.

കാനഡയിലെ ഒന്പത് പ്രവിശ്യകളിൽ ഇതിനകം സീറോ മലബാർ സഭാ എക്സാർക്കേറ്റിന്‍റെ സാന്നിധ്യം ഉറപ്പിച്ചുവെന്നതാണ് ഏറ്റവും വലിയ നേട്ടം. നാൽപ്പത്തിമൂന്ന് സെന്‍ററുകളിലായി ഇരുപതിനായിരത്തിലേറെ വിശ്വാസികളെ എക്സാർക്കേറ്റിനു കൂട്ടിയിണക്കാനായി. മൂന്നു ഇടവകകൾക്ക് സ്വന്തമായ ആരാധനാലയമായി. അജപാലന ശുശ്രൂഷയിൽ മാർ ജോസ് കല്ലുവേലിക്കൊപ്പം ഇപ്പോൾ 15 വൈദീകരും, പതിനൊന്നു സന്യാസിനികളുമാണുള്ളത്. ലത്തീൻ രൂപതകളിൽ ശുശ്രൂഷ ചെയ്യുന്ന മറ്റ് ഏഴ് സീറോ മലബാർ വൈദീകരുടെ സേവനവും ലഭിക്കുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പടെ 3 വൈദീക വിദ്യാർത്ഥികളുമുണ്ട്. നാളിതുവരെയുള്ള പ്രവർത്തനങ്ങൾക്ക് ലഭിച്ച ദൈവാനുഗ്രഹത്തിനു നന്ദി അർപ്പിക്കുന്നതിനൊപ്പം, സഭയുടെ ജീവനാഡിയായ ദൈവജനത്തിനും എക്സാർക്കേറ്റിന്‍റെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരേയും പ്രോത്സാഹിപ്പിക്കുകയാണ് മേജർ ആർച്ച് ബിഷപ്പിന്‍റെ സന്ദർശന ഉദ്ദേശമെന്നു മാർ ജോസ് കല്ലുവേലിൽ പറഞ്ഞു.

ജൂലൈ 26-ന് വൈകുന്നേരം മിസ്സിസാഗായിൽ എത്തുന്ന മാർ ജോർജ് ആലഞ്ചേരിക്ക് ജൂലൈ 27-ന് വ്യാഴാഴ്ച രാവിലെ 9.45-ന് സെന്‍റ് അൽഫോൻസാ സീറോ മലബാർ കത്തീഡ്രലിൽ സ്വീകരണം നൽകും. 10 മണിക്ക് എക്സാർക്കേറ്റ് നേതൃസംഗമത്തെ അഭിസംബോധന ചെയ്യും. എക്സാർക്കേറ്റ് പാസ്റ്ററൽ കൗണ്‍സിൽ, യൂത്ത് മൂവ്മെന്‍റ്, ഫൈനാൻസ് കൗണ്‍സിൽ, മതബോധന കമ്മീഷൻ നേതാക്കൾ, കൈക്കാര·ാർ, സമീപ ഇടവകകളിലെ പാരീഷ് കൗണ്‍സിൽ അംഗങ്ങളുമാണ് നേതൃസംഗമത്തിൽ പങ്കെടുക്കുക. വികാരി ജനറാൾ മോണ്‍ സെബാസ്റ്റ്യൻ അരീക്കാട്ടിന്‍റെ പ്രാർത്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുക. മാർ ജോസ് കല്ലുവേലിൽ സ്വാഗതം ആശംസിക്കും. എക്സാർക്കേറ്റ് ചാൻസിലർ ഫാ. ജോണ്‍ മൈലംവേലിൽ, പാസ്റ്ററൽ കൗണ്‍സിൽ ജോയിന്‍റ് സെക്രട്ടറി മാർട്ടിൻ രാജ് മാനാടൻ, സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് പ്രസിഡന്‍റ് നിർമൽ തോമസ്, ഫിനാൻസ് കൗണ്‍സിൽ സെക്രട്ടറി മോളി ജോസഫ് എന്നിവർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് എക്സാർക്കേറ്റ് മന്ത്ലി ഇ- ബുള്ളറ്റിൻ പ്രകാശനം ചെയ്തശേഷം മേജർ ആർച്ച് ബിഷപ്പ് സന്ദേശം നൽകും. 12-ന് വിശുദ്ധ കുർബാനയിൽ മുഖ്യകാർമികത്വം വഹിക്കും. മൂന്നിന് ബിഷപ്പ് ഹൗസിൽ എക്സാർക്കേറ്റിലെ വൈദീകരുടെ യോഗം നടക്കും. വൈകിട്ട് 7.15-ന് ടൊറന്േ‍റാ സെന്‍റ് തോമസ് സീറോ മലബാർ ഇടവകയിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് സ്വീകരണവും 7.30-നു വിശുദ്ധ കുർബാനയുമുണ്ടാകും.

ജൂലൈ 28-നു വെള്ളിയാഴ്ച രാവിലെ എട്ടിനു എക്സാർക്കേറ്റിലെ സന്യാസിനികൾക്കായി വിശുദ്ധ കുർബാന, 9.30-ന് ഇവർക്കായി നടക്കുന്ന യോഗത്തിൽ പ്രസംഗിക്കും. കാർമലേറ്റ്, അപ്പസ്തോലിക് ഒബ്ളേറ്റ്സ്, ഹോളി ഫാമിലി സമൂഹങ്ങളിൽ നിന്നുള്ള സന്യാസിനികളാണ് എക്സാർക്കേറ്റിൽ ശുശ്രൂഷ ചെയ്യുന്നത്. 11 മണിക്ക് എക്യൂമെനിക്കൽ സഭകളിൽ നിന്നുള്ള 17 ഇടവകകളിലെ വൈദീകരും, കമ്മിറ്റി അംഗങ്ങളുമായുള്ള കൂടിക്കാഴ്ച കത്തീഡ്രലിൽ നടക്കും.

വൈകിട്ട് എഡ്മന്‍റണിലേക്ക് പോകുന്ന മാർ ജോർജ് ആലഞ്ചേരി അവിടെ ആർച്ച് ബിഷപ്പിനെ സന്ദർശിക്കും. ജൂലൈ 29-ന് ശനിയാഴ്ച രാവിലെ ഒന്പതിനു എഡ്മന്‍റണിലെ സെന്‍റ് അൽഫോൻസാ സീറോ മലബാർ ഫൊറോനാ ദേവാലയത്തിന്‍റെ കൂദാശാകർമ്മവും, വെസ്റ്റേണ്‍ റീജണൽ പാസ്റ്ററൽ സെന്‍ററിന്‍റെ ഉദ്ഘാടനവും നിർവഹിക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗത്തിൽ ആത്മീയ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. ബ്രിട്ടീഷ് കൊളംബിയ, ആൽബർട്ട, മാനിറ്റോബ, സാസ്കച്വാൻ പ്രവിശ്യകളിലെ അജപാലന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാണ് വെസ്റ്റേണ്‍ റീജണൽ പാസ്റ്ററൽ സെന്‍റർ.

ജൂലൈ 30-നു ഞായറാഴ്ച മിസ്സിസാഗായിൽ സെന്‍റ് അൽഫോൻസാ കത്തീഡ്രലിലെ പ്രഥമ തിരുനാൾ ആഘോഷം നടക്കും. 9.45-ന് വിശ്വാസികളുടെ നേതൃത്വത്തിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വരവേൽപ് നൽകും. പത്തിനു മേജർ ആർച്ച് ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. മാർ ജോസ് കല്ലുവേലിൽ, ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് എന്നിവർ സഹകാർമികരായിരിക്കും. ഏറെ പ്രതീക്ഷാജനകമായ പ്രസ്തുത ഇടയസന്ദർശന സംഗമങ്ങൾക്കുശേഷം 31-ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഇന്ത്യയിലേക്ക് മടങ്ങും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം