റിഹാബ് - ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

03:12 PM May 28, 2017 | Deepika.com
ദമാം: പ്രവാസി പുനരധിവാസ പദ്ധതിയായ ന്ധറിഹാബ്’ ന്‍റെ നേതൃത്വത്തിൽ കിഴക്കൻ പ്രവിശ്യയിലെ ചെറുകിട വ്യവസായ പ്രമുഖരുടെ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. സൗദി അറേബ്യയിൽ പര്യടനം നടത്തുന്ന സതേണ്‍ സ്റ്റേറ്റ്സ് മൈക്രോ സ്മാൾ ആൻഡ് മീഡിയം സ്കെയിൽ (MSME) ചെയർമാനും, കർണാടക സ്മാൾ സ്കെയിൽ ഇൻഡസ്ട്രീസ് (KASSIA) പ്രസിഡന്‍റുമായ പി പദ്മനാഭയുടെ നേതൃത്വത്തിലായിരുന്നു യോഗം. തെക്കൻ സംസ്ഥാനങ്ങളിലും വിശിഷ്യാ കർണാടകയിലും നിലവിലുള്ള ഏക ജാലക സംവിധാനങ്ങളും പ്രത്യേകം തയാറാക്കിയിട്ടുള്ള വ്യവസായ പോളിസികളുമടക്കം നിലവിലുള്ള സാഹചര്യങ്ങളും സാധ്യതകളും അദ്ദേഹം വിശദീകരിച്ചു.

ഈ സാഹചര്യങ്ങൾ നേരിട്ട് മനസിലാക്കാനും പഠിക്കുവാനും പ്രവാസി വ്യവസായികളെ അദ്ദേഹം നേരിട്ട് ക്ഷണിക്കുകയും ചെയ്തു. മീറ്റിൽ പ്രവിശ്യയിലെ വിവിധ ബിസിനസ് മേഖലയിൽനിന്നുള്ള നാൽപതോളം പ്രതിനിധികൾ പങ്കെടുത്തു. കിഴക്കൻ പ്രവിശ്യയിലെ വിവിധ വ്യവസായ പാർക്കുകളും വൻകിട കന്പനികളും സന്ദർശിച്ച അദ്ദേഹം നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന വ്യാവസായിക അനൂകൂല സാഹചര്യങ്ങളെ പ്രവാസികൾ ഉപയോഗപ്പെടുത്തണമെന്നും നിർദ്ദേശിച്ചു. റിഹാബ് പോലെയുള്ള സംവിധാനങ്ങൾ അതിനുവേണ്ടി പ്രവാസി സംഭരംഭകരും തൊഴിൽ കാംഷികളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉണർത്തി. റിഹാബ് ചെയർമാൻ മൻസൂർ പള്ളൂർ പ്രതിനിധികളായ പി എം നജീബ്, ബോബൻ തോമസ്, ജയൻ കണ്ണൂർ, ഫൈസൽ ഷെരീഫ് എന്നിവർ മീറ്റിനു നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം