ഓക്പാർക്ക് സെന്‍റ് ജോർജ് പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ പെരുന്നാൾ സമാപിച്ചു

06:41 PM May 25, 2017 | Deepika.com
ഷിക്കോഗോ: ഓക്പാർക്ക് സെന്‍റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മേയ് 13,14 (ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടി.

മേയ് 13നു ശനിയാഴ്ച വൈകുന്നേരം 6.30നു ദേവാലയത്തിൽ എത്തിച്ചേർന്ന അമേരിക്കൻ അതിഭദ്രാസന മെത്രാപ്പോലീത്ത അഭി. യൽദോ മോർ തീത്തോസ് തിരുമേനിയെ ഇടവക വികാരി ഫാ. ലിജു പോൾ പൂക്കുന്നേൽ, ഇടവക ജനങ്ങൾ എന്നിവർ ചേർന്നു സ്വീകരിച്ചു. വൈകിട്ട് ഏഴിനു നടന്ന സന്ധ്യാപ്രാർത്ഥനയിൽ അഭി. തിരുമേനിയോടൊപ്പം ഫാ. സ്കറിയ തേലാപ്പള്ളിൽ, ഫാ. തോമസ് മേപ്പുറത്ത്, ഫാ. മാത്യു വർഗീസ് കരിത്തലയ്ക്കൽ, .ഫാ. പ്രദോഷ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ഹൂസ്റ്റണ്‍ സെന്‍റ് മേരീസ് യാക്കോബായ പള്ളി വികാരി ഫാ. പ്രദോഷ് മാത്യു സുവിശേഷപ്രസംഗം നടത്തി.

മേയ് 14നു ഞായറാഴ്ച രാവിലെ 9.30 ന് അഭി. തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ മൂന്നിേ·ൽ കുർബാനയ്ക്ക് വികാരി ഫാ. ലിജു പോൾ, ഫാ. മാത്യു വർഗീസ് കരിത്തലയ്ക്കൽ, .ഫാ. മാത്യു മണലേൽച്ചിറ (കോട്ടയം) എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് നടന്ന ഭക്തിനിർഭരമായ റാസ, നേർച്ച വിളന്പ്, ചെണ്ടമേളം, ലേലം, ആശീർവാദം എന്നിവ നടത്തി. മദേഴ്സ് ഡേ പ്രമാണിച്ച് പള്ളിയിൽ എത്തിയ എല്ലാ അമ്മമാരേയും പ്രത്യേകം ആദരിച്ചു. ഈവർഷത്തെ പെരുന്നാളിൽ സമീപ ഇടവകകളിലെ ധാരാളം വിശ്വാസികൾ പങ്കെടുത്തു. കൊടിയിറക്കത്തോടെ പരിപാടികൾ സമാപിച്ചു. ഷെവലിയാർ ജയ്മോൻ സ്കറിയ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം