വിസയുടെ കാലാവധി കഴിഞ്ഞു തങ്ങിയവരുടെ എണ്ണം 700,000

08:35 PM May 24, 2017 | Deepika.com
ന്യൂയോർക്ക്: വിസയുടെ കാലാവധി കഴിഞ്ഞിട്ടും മടങ്ങിപോകാതെ അമേരിക്കയിൽ തങ്ങിയവരുടെ എണ്ണം 2016ലെ കണക്കുകൾ അനുസരിച്ചു അരമില്യണിലധികം വരുമെന്ന് മേയ് 22നു ഡിപ്പാർട്ട്മെന്‍റ് ഓഫ് ഹോംലാന്‍റ് സെക്യൂരിറ്റി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.

2016-ൽ 50 മില്യനോളം വിദേശികളാണ് അമേരിക്കയിൽ സന്ദർശനത്തിനോ, മറ്റു ജോലി ആവിശ്യങ്ങൾക്കോ അമേരിക്കയിലെത്തിയത്. ഇതിൽ 1.47 ശതമാനം(739,478) പേർ അനുവദിക്കപ്പെട്ടസമയം കഴിഞ്ഞിട്ടും മടങ്ങി പോകാത്തവരാണ്.

കാലാവധി പൂർത്തിയാക്കി അനധികൃതമായി അമേരിക്കയിൽ തങ്ങുന്നവരുടെ എണ്ണം സിയാറ്റിലെ ജനസംഖ്യയേക്കാൾ കൂടുതലാണെന്നും ഇതു ഇമിഗ്രേഷൻ സിസ്റ്റത്തിലെ അപാകതകളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും ഡിഎച്ച്എസ് സീനിയർ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. എന്നാൽ ട്രംപ് അധികാരമേറ്റെടുത്തതിനുശേഷം ജനുവരിയിലെ കണക്കുകൾ അനുസരിച്ച് ഇത്തരക്കാരുടെ എണ്ണം 544,676 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയ സുരക്ഷയെ സാരമായി ബാധിക്കുന്ന ഈ വിഷയത്തിൽ ട്രംപ് ഗവണ്‍മെന്‍റ് ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ