ചരിത്രപ്രധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപ് റിയാദിലെത്തി

05:19 PM May 20, 2017 | Deepika.com
റിയാദ് : ഇസ് ലാമിക ലോകത്തെ നേതാക്കൾ പങ്കെടുക്കുന്ന ചരിത്ര പ്രധാനമായ ഉച്ചകോടിയിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് റിയാദിലെത്തി. പ്രസിഡന്‍റായി അധികാരമേറ്റ ശേഷം ട്രംപിന്‍റെ ആദ്യ വിദേശ സന്ദർശനമാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവ് അടക്കമുള്ള ഉന്നതർ വിമാനത്താവളത്തിലെത്തി ട്രംപിനെയും കുടുംബത്തേയും സ്വീകരിച്ചു. ട്രംപിനൊപ്പം ഉന്നതതല സംഘവും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഒന്നിക്കാം, അതിജയിക്കാം എന്ന സന്ദേശമുയർത്തി ഇന്നും നാളെയുമായി മൂന്ന് ഉച്ചകോടികൾക്കാണു സൗദി അറേബ്യ ആതിഥ്യമരുളുന്നത്. വിവിധ രാജാക്കന്മാരും പ്രസിഡന്‍റുമാരും അടക്കം 37 രാഷ്ട്ര നേതാക്കളും ആറു പ്രധാനമന്ത്രിമാരുമാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. സൗദി അറേബ്യ യുഎസ്, ഗൾഫ് സഹകരണ കൗണ്‍സിൽ (ജിസിസി) അമേരിക്ക, അറബ് ഇസ് ലാമിക് അമേരിക്ക എന്നീ തലക്കെട്ടുകളിലാണ് സമ്മേളനങ്ങൾ ഒരുക്കിയിരിക്കുന്നത്.

സൗദി അമേരിക്ക ഉച്ചകോടിയിൽ സുപ്രധാന കരാറുകൾ ഒപ്പുവയ്ക്കും. ഇസ് ലാമിക ലോകവും അമേരിക്കയും തമ്മിലുള്ള ക്രിയാത്മക സംവാദത്തിന്‍റെ തുടക്കമായാണ് ഇസ് ലാമിക് അമേരിക്ക ഉച്ചകോടി വിശേഷിപ്പിക്കപ്പെടുന്നത്. ഭീകര വിരുദ്ധ പോരാട്ടം, അമേരിക്കയും ഇസ് ലാമിക രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം, ഇറാന്‍റെ ശത്രുതാപരമായ രാഷ്ട്രീയം ചെറുക്കൽ എന്നീ കാര്യങ്ങളിൽ അറബ്, ഇസ് ലാമിക്, അമേരിക്ക ഉച്ചകോടി ഉൗന്നൽ നൽകും.