കൊട്ടിയൂർ: അമേരിക്കയിലെ ഷിക്കാഗോയ്ക്കു സമീപമുണ്ടായ വാഹനാപകടത്തിൽ അന്പായത്തോട് സ്വദേശിയായ യുവാവ് മരിച്ചു. അന്പായത്തോട്ടിലെ പടിയാനിക്കൽ മത്തായി-അന്നക്കുട്ടി ദന്പതികളുടെ മകൻ എബിൻ മാത്യു (27) വാണു മരിച്ചത്. ഷിക്കാഗോ നഗരത്തിനടുത്ത ബർറിഡ്ജിൽ ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11 നായിരുന്നു അപകടം. എബിൻ സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മറ്റു നാലുപേർക്ക് പരിക്കേറ്റു.
എൻടിടിഎഫിലെ പഠനത്തിനുശേഷം മൂന്നുവർഷമായി വെസ്റ്റ്മോണ്ടിലെ പ്രാദേശിക ഗ്യാസ് സ്റ്റേഷനിൽ മാനേജരായി ജോലിചെയ്യുകയായിരുന്ന എബിൻ വിവാഹത്തിനായി ഈമാസം 23 ന് നാട്ടിലേക്കു വരാനിരിക്കെയാണ് അപകടത്തിൽ മരിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി എബിൻ അമേരിക്കയിൽ ജോലി ചെയ്തുവരികയായിരുന്നു.
ദുബായിയിലായിരുന്ന പിതാവ് മത്തായിയും കുടുംബവും മകനോടൊപ്പം അമേരിക്കയിൽ താമസത്തിന് ഒരുങ്ങുന്നതിനിടെയാണ് എബിൻ വാഹനാപകടത്തിൽ മരിക്കുന്നത്. അപകടസമയത്ത് പിതാവ് മത്തായി ദുബായിയിൽനിന്നും അമേരിക്കയിലേക്കുള്ള വിമാനയാത്രയിലായിരുന്നു. വിമാനമിറങ്ങിയപ്പോഴാണ് മകന്റെ മരണവിവരം അറിയുന്നത്. എബിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
അന്പായത്തോട് സ്വദേശി അമേരിക്കയിൽ വാഹനാപകടത്തിൽ മരിച്ചു
04:28 PM May 20, 2017 | Deepika.com