റഷ്യൻ ഇടപെടൽ: യുഎസ് ഹൗസിൽ വോട്ടെടുപ്പ് വേണമെന്ന ആവശ്യം പരാജയപ്പെട്ടു

07:30 PM May 18, 2017 | Deepika.com
വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് ഒരു സ്വതന്ത്ര കമ്മീഷനെ കൊണ്ട് അന്വേഷിപ്പിക്കണ മെന്നാവശ്യപ്പെട്ടു യുഎസ് ഹൗസിൽ വോട്ടെടുപ്പ് നടത്തുന്നതിനുള്ള ഡമോക്രാറ്റിക് പാർട്ടിയുടെ നീക്കം റിപ്പബ്ലിക്കൻ അംഗങ്ങൾ പരാജയപ്പെടുത്തി.

മേയ് 18 ബുധനാഴ്ച രാവിലെ നോർത്ത് കരോലിനായിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി വാൾട്ടർ ജോണ്‍സിന്‍റെ പിന്തുണയോടെ ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളാണ് യുഎസ് ഹൗസിൽ ഈ വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനിടയിൽ യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റ് മുൻ എഫ്സിഐ ഡയറക്ടർ റോബർട്ട് മുള്ളറെ റഷ്യൻ ഇൻവെസ്റ്റിഗേഷൻ സ്പെഷൽ കോണ്‍സലറായി നിയമിച്ചു. ബുധനാഴ്ചയാണ് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഒൗദ്യോഗിക പ്രഖ്യാപനം വന്നത്.

യുഎസ് ഹൗസ് മെജോറിറ്റി ലീഡർ പോൾ റയൻ, ട്രംപിനെതിരെ പ്രചരിക്കുന്ന കഥകൾ പ്രസിഡന്‍റിന്‍റെ വ്യക്തിത്വത്തെ അപായപ്പെടുത്തുന്നതാണെന്ന് ഇന്നു നടത്തിയ പത്രസമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. ജനങ്ങൾ സത്യം മനസ്സിലാക്കണം. മുൻ വിധിയോടെ കാര്യങ്ങൾ കാണരുതെന്നും റയൻ അഭ്യർത്ഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ