വായനയുടെ പുതിയ മാനങ്ങൾ തേടി ചില്ലയുടെ "എന്‍റെ വായന’

09:09 PM Apr 22, 2017 | Deepika.com
റിയാദ്: വായനയുടെ പുതിയ മാനങ്ങൾ തേടിയുള്ള ചില്ല സർഗവേദിയുടെ പ്രതിമാസ ഒത്തുചേരൽ പുസ്തകാസ്വാദനവും സർഗസംവാദവുമായി സംഘടിപ്പിച്ചു. മനുഷ്യജീവിതത്തിന്‍റെ നൈമിഷികതയെ ഓർമിപ്പിച്ചുകൊണ്ട് കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യം ന്ധവീണപൂവ്’ അവതരിപ്പിച്ചുകൊണ്ട് ആർ. സുരേഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.

കീഴാള ഭാവുകത്വത്തിന്‍റെ മാനിഫെസ്റ്റോയായി മാറിയ കടമ്മനിട്ട കവിതകളുടെ ആസ്വാദനം അൻവർ പൈക്കാടൻ നടത്തി. ജാതിവിവേചനത്താൽ ഉഴറുന്ന ദളിതിന്‍റെ ജീവിതാനുഭവങ്ങൾ പറയുന്ന തമിഴ് എഴുത്തുകാരി ബാമയുടെ ന്ധപനമുള്ള്’ എന്ന നോവലിന്‍റെ വായന നന്ദൻ നടത്തി. ടിപ്പു സുൽത്താന്‍റെ ചരിത്രപരമായ മൂല്യം കണ്ടെത്തുന്ന ജീവചരിത്രപഠന ഗ്രന്ഥം പി.കെ. ബാലകൃഷ്ണന്‍റെ "ടിപ്പു സുൽത്താൻ’ അബ്ദുൾ ലത്തീഫ് മുണ്ടരി അവതരിപ്പിച്ചു. സ്പാനീഷ് സാഹിത്യത്തിലെ ഉത്കൃഷ്ടമായ കൃതികളിലൊന്നായ ഹുവാൻ റൂൾഫോയുടെ "പഡ്രോപരാമോ’യുടെ വായനാനുഭവം ആർ.മുരളീധരൻ പങ്കുവച്ചു.

തുടർന്നു നടന്ന സംവാദത്തിന് ഇക്ബാൽ കൊടുങ്ങല്ലൂർ തുടക്കം കുറിച്ചു. ജയചന്ദ്രൻ നെരുവന്പ്രം, പ്രിയ സന്തോഷ്, മുനീർ വട്ടേക്കാട്ടുകര, ഷമീം താളാപ്രത്ത്, ഷംല ചീനിക്കൽ, നജ്മ നൗഷാദ്, സംഗീത വിജയ്, അംജദ് അലി, വിജയകുമാർ എൻ, റഫീഖ് പന്നിയങ്കര എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ശിഫാ അൽ ജസീറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നൗഷാദ് കോർമത്ത് മോഡറേറ്ററായിരുന്നു.