വിദ്യാർഥിനിക്കൊപ്പം ഒളിച്ചോടിയ അധ്യാപകൻ പോലീസ് പിടിയിൽ

08:25 PM Apr 21, 2017 | Deepika.com
കാലിഫോർണിയ: മുപ്പത്തിയെട്ടു ദിവസം അമേരിക്കൻ പോലീസിനെ കബളിപ്പിച്ച് വിദ്യാർഥിനിക്കൊപ്പം മുങ്ങിയ അധ്യാപകൻ ഒടുവിൽ പോലീസ് പിടിയിലായി. കാലിഫോർണിയ ബിസിൽ വില്ലയിലെ കാബിനിൽ ഒളിച്ചു കഴിയുകയായിരുന്ന അധ്യാപകനെ ഏപ്രിൽ 20ന് (വ്യാഴം) രാവിലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ടെന്നിസി മൗരി കൗണ്ടി പബ്ലിക് സ്കൂൾ അധ്യാപകനായ കുമ്മിൻസ് (50) പതിനഞ്ചുകാരിയായ സ്കൂൾ വിദ്യാർഥിനി ഏലിസബത്ത് തോമസിനൊപ്പം മാർച്ച് 13 നാണ് അപ്രത്യക്ഷമായത്. തുടർന്നു പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പോലീസിന് യാതൊരു തുന്പും ലഭിച്ചിരുന്നില്ല. ഒടുവിൽ

ചില സൂചനകൾ ലഭിച്ചതിനെ തുടർന്ന് ഒളിത്താവളം കണ്ടെത്തിയ പോലീസ് ബുധനാഴ്ച അർധരാത്രി ഇവരുടെ കാബിൻ വളഞ്ഞു. അതിരാവിലെ വാതിൽ തുറന്ന് പുറത്തുവന്ന കുമ്മിൻസ് പോലീസിനെ കണ്ടപ്പോൾ സാഹസത്തിനൊന്നും മുതിരാതെ കീഴടങ്ങുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന വിദ്യാർഥിനിയെ പോലീസ് സുരക്ഷിതമായി മോചിപ്പിച്ചു. ഇവിടെനിന്നും പോലീസ് രണ്ട് റിവോൾവർ കണ്ടെടുത്തു.

പത്രസമ്മേളനത്തിൽ അന്വേഷണ ഏജൻസി (റ്റിബിഐ) വക്താവ് ജോഷ് ഡിവിനാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൈനറായ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയതിനും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനുമാണ് പോലീസ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയുകയാണെങ്കിൽ പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ