വാഷിംഗ്ടണ്‍: മദ്യപിച്ച ഡ്രൈവർ ഓടിച്ച വാഹനമിടിച്ച് യുഎസിൽ ഇന്ത്യൻ പൗരൻ മരിച്ചു. അൻഷുൽ ശർമ എന്ന യുവാവാണ് കൊളംബസിൽ മരിച്ചത്. ഞായറാഴ്ചയായിരുന്ന അപകടം. അൻഷുലിന്റെ ഭാര്യ സമീര അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്. ഇന്ത്യാനാപോളിസിലെ ആശുപത്രിയിലാണ് സമീരയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
വഴിവക്കിലൂടെ ദന്പതികൾ നടന്നുപോകവെ മദ്യപിച്ച ഡ്രൈവർ ഓടിച്ച കാർ ഇടിച്ചു കയറുകയായിരുന്നു. അൻഷുൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടമുണ്ടാക്കിയ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. മൈക്കിൾ ഡമിയോ എന്ന യുവാവാണ് അപകടമുണ്ടാക്കിയത്. ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.
കൊളംബസിലെ ഡീസൽ എൻജിൻ നിർമാണ ഫാക്ടറിയിലാണ് അൻഷുൽ ജോലി നോക്കിയിരുന്നത്. യുവാവിന്റെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടുവരുന്നതിനായി ശ്രമങ്ങൾ തുടരുകയാണെന്ന് അൻഷുലിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചു.
മദ്യപാനി ഓടിച്ച വാഹനമിടിച്ച് യുഎസിൽ ഇന്ത്യൻ പൗരൻ മരിച്ചു
02:15 AM Mar 30, 2017 | Deepika.com