ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വീസ ഓണ്‍ അറൈവലുമായി യുഎഇ

09:19 PM Mar 29, 2017 | Deepika.com
അബുദാബി: യുഎസ് വീസയോ ഗ്രീൻ കാർഡോ ഉള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കായി വീസ ഓണ്‍ അറൈവൽ പദ്ധതിക്ക് യുഎഇ ഭരണകൂടം അംഗീകാരം നൽകി. ബുധനാഴ്ചയാണ് യുഎഇ കാബിനറ്റ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്പോർട്ടുകൾക്കായി 14 ദിവസത്തേയ്ക്കാണ് വീസ ഓണ്‍ അറൈവലിന്‍റെ ആനുകൂല്യം ലഭിക്കുക.

ഇന്ത്യയുമായി സാന്പത്തിക-രാഷ്ട്രീയ-വ്യാപാര രംഗത്തെ മികച്ച ബന്ധം ലക്ഷ്യമിട്ടാണ് യുഎഇ കാബിനറ്റിന്‍റെ നീക്കം. അടുത്തിടെ പുറത്തിറക്കിയ കണക്കുപ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ 6000 കോടി ഡോളറിന്‍റെ വ്യാപാരം നടക്കുന്നതായാണ് കണക്ക്.

ആഗോള ടൂറിസം രംഗത്ത് വൻ ശക്തിയാകാനുള്ള താത്പര്യവും യുഎഇയുടെ തീരുമാനത്തിനു പിന്നിലുണ്ട്. കഴിഞ്ഞ വർഷം 16 ലക്ഷം ഇന്ത്യക്കാർ വിനോദ സഞ്ചാരികളായി യുഎഇയിൽ എത്തിയതായാണ് കണക്ക്. ഇതേ കാലയളവിൽ 50,000 യുഎഇ പൗരൻമാരും ഇന്ത്യയിലെത്തിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദിനം പ്രതി ഇന്ത്യൻ നഗരങ്ങളിലേക്കും തിരിച്ചുമായി 143 വിമാനങ്ങളാണ് സർവീസ് നടത്തുന്നത്.