ഹെൽത്ത് കെയർ ബിൽ പരാജയം അമേരിക്കൻ ജനതയുടെ വിജയം: ഹില്ലരി

09:09 PM Mar 29, 2017 | Deepika.com
കലിഫോർണിയ: ട്രംപ് ഭരണ കൂടത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഹില്ലരി ക്ലിന്‍റൻ രംഗത്ത്. ഒബാമ കെയർ പിൻവലിച്ച് പുതിയ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നതിനുള്ള റിപ്പബ്ലിക്കൻ പാർട്ടിയുടെ നീക്കം പരാജയപ്പെട്ടത് അമേരിക്കൻ ജനതയുടെ വിജയമാണെന്ന് ഹില്ലരി. സാൻഫ്രാൻസിസ്ക്കോയിൽ സംഘടിപ്പിച്ച പ്രൊഫഷണൽ ബിസിനസ് വുമണ്‍ കോണ്‍ഫറൻസിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

തികച്ചും പരാജയപ്പെട്ട ബിൽ (ഡിസ്ട്രോയിസ് ബിൽ) എന്നാണ് ട്രംപിന്‍റെ ബില്ലിനെ ഹില്ലരി വിശേഷിപ്പിച്ചത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനുശേഷം നിശബ്ദയായിരുന്ന ഹില്ലരി ആദ്യമായാണ് ട്രംപിനെതിരെ പരസ്യമായി രംഗത്തെത്തിയത്. ലോകത്താകമാനമുള്ള സ്ത്രീകളുടെ അവകാശങ്ങളും അവസരങ്ങളും നേടിയെടുക്കുന്നതിന് സ്ത്രീകൾ മുന്നോട്ടു വരണമെന്നും ഹില്ലരി ആഹ്വാനം ചെയ്തു.

ഹെൽത്ത് കെയർ ബില്ലിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിന് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് വിളിച്ചു കൂട്ടിയ യോഗത്തിൽ ഒരൊറ്റ സ്ത്രീകളെ പോലും കാണാൻ കഴിഞ്ഞിരുന്നില്ല എന്നത് ട്രംപ് ഭരണകൂടം എങ്ങനെയാണ് സ്ത്രീകളെ പരിഗണിക്കുന്നതെന്നതിന് ഉത്തമ ഉദാഹരണമാണെന്ന് ഹില്ലരി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ