പൊതുമാപ്പ് ഫലപ്രദമായി വിനിയോഗിക്കുക: ആർഐസിസി

06:01 PM Mar 28, 2017 | Deepika.com
റിയാദ്: നിയമലംഘകരില്ലാത്ത രാജ്യമെന്ന ലക്ഷ്യം നേടുന്നതിനുവേണ്ടി സൗദി അറേബ്യ പ്രഖ്യാപിച്ച രാജകാരുണ്യവും പൊതുമാപ്പും ഫലപ്രദമായി വിനിയോഗിക്കാൻ മലയാളി സമൂഹം സജ്ജമാവണമെന്ന് റിയാദ് ഇസ് ലാഹി സെന്േ‍റഴ്സ് കോഓർഡിനേഷൻ കമ്മിറ്റി (ആർഐസിസി) അഭ്യർഥിച്ചു. രാജ്യത്തിന്‍റെ ആഭ്യന്തര സുരക്ഷിതത്വത്തിനും സാംസ്കാരിക പൈതൃകങ്ങൾക്കും കോട്ടം തട്ടുന്ന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിന്നുകൊണ്ട് നിയമങ്ങൾ കൃത്യമായി പാലിച്ച് ജീവിക്കുവാനുള്ള തീരുമാനം പ്രവാസികളിൽ നിന്നുണ്ടാവണമെന്ന് ആർഐസിസി ഉദ്ബോധിപ്പിച്ചു.

മാർച്ച് 29 മുതൽ ജൂണ്‍ 24 വരെ അനുവദിക്കപ്പെട്ട സമയത്തിനുള്ളിൽ ഇഖാമ, തൊഴിൽ നിയമക്കുരുക്കുകളിൽ പെട്ടും ഹുറൂബിൽ കുടുങ്ങിയും കഷ്ടപ്പെടുന്നവരെ കണ്ടെത്തി ആവശ്യമായ സഹായങ്ങൾ നൽകി അവർക്ക് സ്വദേശങ്ങളിലേക്ക് തിരിച്ചു പോകുവാനുള്ള സാഹചര്യം ഉണ്ടാക്കുന്നതിന് മറ്റു സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ആർഐസിസി തീരുമാനിച്ചു. ഇതിനാവശ്യമായ പ്രവർത്തനങ്ങൾ പബ്ലിക് റിലേഷൻ വിംഗിന്‍റെ നേതൃത്വത്തിൽ ആരംഭിക്കും.

കാസർഗോഡ് ചൂരിയിൽ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ സംഭവത്തിലെ ഗൂഡാലോചന പുറത്തുകൊണ്ടുവരണമെന്നും വിവിധ മത വിഭാഗങ്ങൾക്കിടയിൽ പരസ്പരം സംശയം ജനിപ്പിക്കുവാനും തമ്മിലടിപ്പിച്ച് വൻകലാപങ്ങളുണ്ടാക്കുവാനുമുള്ള ഗൂഢപദ്ധതികളെ മതേതരസമൂഹം ഒന്നിച്ച് നേരിടണമെന്നും ആർഐസിസി ആവശ്യപ്പെട്ടു.

സുഫ്യാൻ അബ്ദുസലാം അധ്യക്ഷത വഹിച്ചു. ഉമർ ശരീഫ്, അബ്ദുസലാം പന്തലിങ്ങൽ, മൊയ്തു അരൂർ, ഷനോജ് അരീക്കോട്, നബീൽ പയ്യോളി, യാസർ അറഫാത്ത്, നൗഷാദ് പെരിങ്ങോട്ടുകര, അബൂബക്കർ ആലുവ, അഹ്മദ്സിദ്ദീഖ്, അക്ബറലി മന്പാട്, അഷ്റഫ് രാമനാട്ടുകര, അഷ്റഫ് തേനാരി, ബഷീർ കുപ്പോടൻ, ഫിനോജ് അബ്ദുള്ള, ഫിറോസ് തിരൂർ, ഇഖ്ബാൽ കൊല്ലം, അബ്ദുൾത്തീഫ്, എ.കെ. അബ്ദുൾ മജീദ്, മുഹമ്മദ് കൊല്ലം, മുജീബ് പൂക്കോട്ടൂർ, മുനീർ പാപ്പാട്ട്, നസീഹ് കോഴിക്കോട്, റഹീം ഉള്ള്യേരി, റിയാസ് ചൂരിയോട്, ടി.പി. സാദിഖ്, സമീർ കല്ലായി, ഷബീബ് കരുവള്ളി, ഷാജഹാൻ പടന്ന, ശാക്കിർ വള്ളിക്കാപറ്റ, ഷാനിദ് കോഴിക്കോട്, ശിഹാബ് മണ്ണാർക്കാട്, ഉബൈദ് തച്ചന്പാറ, അജ്മൽ കള്ളിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ