യുഎസ്, യുകെ, ഫ്രാൻസ് ‌ത്രിരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താൻ നാവികസേനകൾ കൈകോർക്കുന്നു

01:13 PM Mar 28, 2017 | Deepika.com
വാഷിംഗ്ടൺ: യുഎസ്, യുകെ, ഫ്രാൻസ് ത്രിരാഷ്ട്ര സഹകരണം ഉറപ്പാക്കാൻ മൂന്നു രാജ്യങ്ങളിലെയും നാവികസേനകൾ കൈകോർക്കുന്നു. ഇതിന്‍റെ ആദ്യപടിയായി മൂന്നു നാവികസേനാ മേധാവികളും തമ്മിൽ കൂടിക്കാഴ്ച നടത്തി. യുഎസ് നാവികസേനാ തലവൻ അഡ്മിറൽ ജോൺ റിച്ചാഡ്സൺ, യുകെ നാവിസേനാ മേധാവി അഡ്മിറൽ സർ ഫിലിപ്പ് ജോൺസ്, ഫ്രഞ്ച് നാവികതലവൻ അഡ്മിറൽ ക്രിസ്റ്റഫ് പ്രസൂക് എന്നിവർ തമ്മിലാണ് കൂടിക്കാഴ്ച നടന്നത്.

മൂന്നു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഉഷ്മളമാക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് മൂവരും സംയുക്തമായി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. ഇത് മൂന്നു രാജ്യങ്ങളുടെ കാര്യം മാത്രമല്ലെന്നും സമാധാനവും, സുരക്ഷയും ആഗ്രഹിക്കുന്ന ആർക്കും തങ്ങളോടൊപ്പം ചേരാമെന്നും വാർത്താക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.

വിവിധ രംഗങ്ങളിലെ സഹകരണം ഊഷ്മളമാക്കുന്നതിനുള്ള നടപടികൾ മൂന്നു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തരമായി ചർച്ച ചെയ്യുമെന്നും ഇവരോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.