ഇന്ത്യാ പ്രസ്ക്ലബ് ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ

06:09 PM Mar 27, 2017 | Deepika.com
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരൂടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഏഴാമത് ദേശീയ സമ്മേളനം ഓഗസ്റ്റ് 24, 25, 26 തീയതികളിൽ ഷിക്കാഗോ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇൻ ഹോട്ടലിൽ നടക്കും.

വടക്കേ അമേരിക്കയിലെ മലയാളി സമൂഹം അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാധ്യമപ്രവർത്തകർ നയിക്കുന്ന ചർച്ചകൾ, പ്രബന്ധാവതരണം, സെമിനാറുകൾ തുടങ്ങിയവയാണ് സമ്മേളനത്തിന്‍റെ സവിശേഷത. പ്രാദേശിക സംഘടനകൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ സമ്മേളനത്തിന്‍റെ മാറ്റു കൂട്ടും.

പ്രസ്ക്ലബിന്‍റെ ഏഴ് ചാപ്റ്ററുകളിൽ നിന്നുള്ള മാധ്യമപ്രവർത്തകർ, വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിലെ സാമുഹിക-സാംസ്കാരിക സംഘടനാ പ്രതിനിധികൾ, കേരളത്തിൽ നിന്നുള്ള മാധ്യമ-രാഷ്ട്രീയ പ്രമുഖർ, സാഹിത്യപ്രവർത്തകർ എന്നിവർ പങ്കെടുക്കും.

ഇന്ത്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്ക 2008 ലാണ് രൂപം കൊണ്ടത്. സ്ഥാപക പ്രസിഡന്‍റായിരുന്ന ജോർജ് ജോസഫിന്‍റെ നേതൃത്വത്തിൽ ആദ്യത്തെ ദേശീയസമ്മേളനം 2006 ൽ ന്യൂയോർക്കിൽ സംഘടിപ്പിച്ചു. പിന്നീട് പ്രസിഡന്‍റായ ജോസ് കണിയാലിയുടെ നേതൃത്വത്തിൽ 2008 ലും 2009 ലും യഥാക്രമം ഷിക്കാഗോയിലും ന്യൂജേഴ്സിയിലും ദേശീയസമ്മേളനം നടത്തി. തുടർന്ന് പ്രസിഡന്‍റുമാരായ റെജി ജോർജ്, മാത്യു വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 2011ലും 2013ലും ന്യൂജേഴ്സിയിൽ കൂടിയ ദേശീയസമ്മേളനം. 2015ൽ പ്രസിഡന്‍റ് ടാജ് മാത്യുവിന്‍റെ നേതൃത്വത്തിൽ ഷിക്കാഗോയിൽ വിപുലമായ ദേശീയ സമ്മേളനം നടത്തി.

കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവർത്തകരും മന്ത്രിമാരായിരുന്ന ഇ.അഹമദ്, മോൻസ് ജോസഫ്, ബിനോയ് വിശ്വം, ചീഫ് വിപ്പായിരുന്ന തോമസ് ഉണ്ണിയാടൻ, എംപിമാരായിരുന്ന വി.ബാലഗോപാൽ, എം.ബി.രാജേഷ്, ജോസ്കെ.മാണി, എംഎൽഎമാരായ ജോഷി അഗസ്റ്റിൻ, വി.ടി. ബൽറാം, വി.ഡി.സതീശൻ, രാജു എബ്രഹാം, വീണാ ജോർജ് തുടങ്ങിയവരും വിവിധ ദേശീയ സമ്മേളനങ്ങളിൽ പങ്കെടുത്തു. 2013 ലെ ദേശീയ സമ്മേളനത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പിണറായി വിജയനും ഇന്ത്യാ പ്രസ് ക്ലബിന്‍റെ മാധ്യമശ്രീ പുരസ്കാരദാന ചടങ്ങിൽ ഒന്നിച്ചു പങ്കെടുത്ത് സമ്മേളനം അവിസ്മരണിയമാക്കിയവരാണ്.

എഴാം ദേശീയ സമ്മേളനത്തിന്‍റെ വിജയത്തിനായി ശിവൻ മുഹമ്മ (നാഷണൽ പ്രസിഡന്‍റ്), ഡോ. ജോർജ് എം. കാക്കനാട്ട് (സെക്രട്ടറി), ജോസ് കാടപ്പുറം (ട്രഷറർ), രാജു പള്ളത്ത് (വൈസ് പ്രസിഡന്‍റ്), പി.പി. ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), സുനിൽ തൈമറ്റം (ജോയിന്‍റ് ട്രഷറർ), ജീമോൻ ജോർജ്, ജയിംസ് വർഗീസ്, മധു കൊട്ടാരക്കര (പ്രസിഡന്‍റ് ഇലക്ട്), ടാജ് മാത്യു (അഡ്വൈസറി ബോർഡ് ചെയർമാൻ), വിൻസന്‍റ് ഇമ്മാനുവൽ(വൈസ് ചെയർമാൻ), റീജണൽ വൈസ് പ്രസിഡന്‍റുമാരായ കെ.കൃഷ്ണ കിഷോർ (ന്യൂയോർക്ക്), ജോബി ജോർജ് (ഫിലഡൽഫിയ), ബിജു സഖറിയ (ഷിക്കാഗോ), ബിജിലി തോമസ് (ഡാളസ്), അനിൽ ആറ·ുള (ഹൂസ്റ്റണ്‍), മനുവർഗീസ് (കലിഫോർണിയ) തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു.

റിപ്പോർട്ട്: ജോസ് കണിയാലി