ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു

01:11 PM Mar 22, 2017 | Deepika.com
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ മകൾ ഇവാൻക ട്രംപിന് വൈറ്റ് ഹൗസിൽ മുറി അനുവദിച്ചു. യുഎസ് ഭരണകൂടത്തിന്‍റെ ഭാഗമായി പ്രവർത്തിക്കാതെയാണ് ഇവാൻകയ്ക്കു മുറി ലഭിച്ചത്. സർക്കാരിന്‍റെ ഒൗദ്യോഗിക പദവികൾ വഹിക്കുന്നവർക്കും ജീവനക്കാർക്കുമാണു സാധാരണയായി വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിക്കാറുള്ളത്. ഈ കീഴ്വഴക്കം മറികടന്നാണ് ഇവാൻകയ്ക്ക് വൈറ്റ് ഹൗസിൽ ഓഫീസ് അനുവദിച്ചത്.

യുഎസ് രഹസ്യരേഖകൾ ഇവാൻകയ്ക്കു പരിശോധിക്കാൻ കഴിയുമെന്നും ഭരണകൂടം ജോലിക്കെടുത്തിരിക്കുന്ന ഉപദേശകർക്കു സമാനമായ നിയമങ്ങൾ ഇവാൻകയ്ക്കും ബാധകമാണെന്നും അവരുടെ അഭിഭാഷകൻ ജാമീ ഗോർലിക് പറഞ്ഞു. ഇവാൻകയുടെ ഭർത്താവ് ജാർദ് കുഷ്നർ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉപദേഷ്ടാവാണ്.

വെള്ളിയാഴ്ച ജർമൻ ചാൻസലർ ആംഗല മെർക്കലുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്പോൾ ഇവാൻകയും സന്നിഹിതയായിരുന്നു. യുഎസ് എക്സിക്യുട്ടീവ് അധികാരകേന്ദ്രമെന്നു വിശേഷണമുള്ള വൈറ്റ് ഹൗസിലെ വെസ്റ്റ് വിംഗിൽ ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരമേറ്റശേഷം ഇവാൻക സ്ഥിരം സാന്നിധ്യമാണ്.