കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ വാർഷിക സമ്മേളനം നടത്തി

07:49 PM Mar 20, 2017 | Deepika.com
ഫഹാഹീൽ: കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷൻ മാർച്ച് 10ന് വാർഷിക സമ്മേളനം നടത്തി. ഫഹാഹീൽ ഗാലക്സി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വൈസ് പ്രസിഡന്‍റ് ഷാഹുൽഖാൻ ഉദ്ഘാടനം ചെയ്തു. പി.സി. ജോർജ് എംഎൽഎ മുഖ്യാതിഥിയായിരുന്നു.

ഈരാറ്റുപേട്ട കേന്ദ്രമായി ഒരു താലൂക്ക് എന്ന പ്രദേശവാസികളുടെ ദീർഘകാലാവശ്യം ഉൾപ്പെടെ പത്തിന നിവേദനം കുവൈത്ത് ഈരാറ്റുപേട്ട അസോസിയേഷനുവേണ്ടി ജനറൽ സെക്രട്ടറി മുഹമ്മദ് ഷിബിലി പി.സി. ജോർജിന് കൈമാറി. എരുമേലി വിമാനത്താവളവും പാറത്തോട് വ്യവസായ പാർക്കും ഉൾപ്പെടെയുള്ള പദ്ധതികളെ കുറിച്ച് പി.സി. ജോർജ് മറുപടി പ്രസംഗത്തിൽ വിശദീകരിക്കുകയും ഒപ്പം നിവേദനത്തിലെ വിഷയങ്ങളിൽ അനുഭാവപൂർവം പരിഗണിക്കാമെന്ന ഉറപ്പും നൽകി.

പ്രസിഡന്‍റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. അൽഹാജ് ബദറുദ്ദീൻ മൗലവിയും എക്സിക്യൂട്ടീവ് അംഗം അബ്ദുൾ സലാം സലാഹിയും പ്രഭാഷണങ്ങൾ നടത്തി. റമദാനിൽ പുറത്തിറക്കുന്ന "സലാം ഹബീബി’ എന്ന വാർഷികപതിപ്പ് എക്സിക്യൂട്ടീവ് അംഗം ഷാജി ഇലവുങ്കൽ പരിചയപ്പെടുത്തി. ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ടും ട്രഷറർ ഷമീർ മണക്കാട്ട് വാർഷിക ബജറ്റും അവതരിപ്പിച്ചു. പ്രോഗ്രാം കണ്‍വീനർ അഫ്സൽ പുളിക്കീൽ, നാസിം വട്ടക്കയം എന്നിവർ പ്രസംഗിച്ചു. തുടർന്നു കൊച്ചുകുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.

റിപ്പോർട്ട്: സലിം കോട്ടയിൽ