റിയാദിൽ മലയാളി വിദ്യാർത്ഥി ഭക്ഷ്യവിഷബാധയെത്തുടർന്നു മരിച്ചു

12:51 PM Mar 20, 2017 | Deepika.com
റിയാദ്: ശുമൈസി കിംഗ് സൗദി മെഡിക്കൽ സിറ്റി ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ആയി ജോലി ചെയ്യുന്ന കോഴിക്കോട് വടകര പുതുപ്പണം ജനത റോഡിൽ കായക്കണ്ടിയിൽ വീട്ടിൽ ഡോ. റീനയുടെ മകൻ ശ്രീപതി സന്ദീപ് (18) റിയാദിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് മരിച്ചു. പത്താം ക്ലാസ് വരെ റിയാദ് ഡൽഹി പബ്ളിക് സ്കൂളിൽ പഠിച്ച സന്ദീപ് തുടർന്നു രണ്ട് വർഷം കോയന്പത്തൂരിൽ ആണു പഠിച്ചത്. മ്യൂസിക് കന്പോസിംഗിൽ താൽപ്പര്യമുണ്ടായിരുന്നതിനാൽ ഈ വിഷയത്തിൽ ഉപരിപഠനത്തിനായി ലണ്ടനിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു.

ശുമെസി ആശുപത്രിക്കടുത്തുള്ള വീട്ടിൽ വച്ചു ബർഗർ കഴിച്ചശേഷം ഛർദ്ദി വരികയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. ഡോ. റീനയുടെ ഏകമകനാണ് ശ്രീപതി സന്ദീപ്. മൃതദേഹം ഇത്തിഹാദ് എയർവെയ്സ് വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായി ബന്ധുക്കൾ പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ