സീതിഹാജി സ്മാരക ഫുട്ബോൾ ടൂർണമെന്‍റ്: ഫ്രണ്ട്സ് അൽ വസൽ ജേതാക്കൾ

09:08 PM Mar 18, 2017 | Deepika.com
ദുബായ്: പ്രവാസ ലോകത്തെ കാൽപന്ത് പ്രേമികൾക്ക് മലബാർ സോക്കർ വിരുന്നൊരുക്കി കൊണ്ട് മലപ്പുറം ജില്ലാ കെ എംസിസി സംഘടിപ്പിച്ച പതിനൊന്നാമത് സീതിഹാജി സ്മാരക ഫുട്ബോൾ ടൂർണമെന്‍റിൽ ഫ്രണ്ട്സ് അൽ വസൽ ജേതാക്കളായി. ഫൈനലിൽ എഎകെ ഇന്‍റർനാഷണലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഫ്രണ്ട്സ് അൽ വസൽ ട്രോഫിയിൽ മുത്തമിട്ടത്.

അൽ വസൽ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്‍റിൽ പ്രമുഖരായ 24 ടീമുകളാണ് മത്സരിച്ചത്. വാശിയേറിയ ലീഗ് റൗണ്ട് മൽസരങ്ങൾക്കും നോക്കൗട്ട് മത്സരങ്ങൾക്കും ശേഷം നടന്ന സെമിഫൈനലിൽ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പായ ഇടിഎ തിരൂർക്കാടിനെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ച് ഫ്രണ്ട്സ് അൽ വസലും സിൽവർ ഹോം റിയൽ എസ്റ്റേറ്റിനെ തോൽപ്പിച്ച് എഎകെ ഇന്‍റർനാഷണലും അവസാന അങ്കത്തിന് യോഗ്യത നേടി. ഫൈനലിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഫ്രണ്ട്സ് അൽ വസൽ ജേതാക്കളായത്. ടൂർണമെന്‍റിലെ ബെസ്റ്റ് പ്ലയർക്കുള്ള പി.വി ജാബിർ മെമ്മോറിയൽ ട്രോഫി എ.എ.കെ ഇന്‍റർനാഷണൽ ടീമിലെ ജുനൈദും ബെസ്റ്റ് ഗോൾകീപ്പറായി ഫ്രണ്ട്സ് അൽ വസലിന്‍റെ റിയാസും തിരഞ്ഞെടുക്കപ്പെട്ടു. ഫെയർ പ്ലേ അവാർഡിന് ടീം യുനൈറ്റഡ് ഉദിനൂർ അർഹരായി.

മുസ് ലിം യൂത്ത് ലീഗ് നേതാവ് പി.എം. സാദിഖലി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്ക് ഉള്ള ട്രോഫി ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹയും റണ്ണേഴ്സ് അപ്പിനുള്ള ട്രോഫി ബാബു എടക്കുളവും നിർവഹിച്ചു. ത്വൽഹത്ത് ഫോറം ഗ്രൂപ്പ്, നാസർ റെഡ് പെപ്പർ എന്നിവർ വിജയികൾക്കുള്ള കാഷ് അവാർഡുകൾ സമ്മാനിച്ചു. യുഎഇ കെ എംസിസി ഉപാധ്യക്ഷൻ ഹുസൈനാർ ഹാജി എടച്ചാകൈ നൗഷാദ് തീമ ഗ്രൂപ്പ്, നെല്ലറ ഷംസുദ്ദീൻ, മുസ്തഫ അൽ ഖത്താൽ, അറഫാത്ത് അൽ ഖാദിരി, മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ, ആർ.ശുക്കൂർ എന്നിവർ സംബന്ദിച്ചു. മലപ്പുറം ജില്ലാ കെ എംസിസി പ്രസിഡന്‍റ് ചെമ്മുക്കൻ യാഹുമോൻ, ഹംസ ഹാജി മാട്ടുമ്മൽ,ജില്ലാ നേതാക്കളായ പി.വി.നാസർ, മുസ്തഫ വേങ്ങര, കെ.പി.എ സലാം, ഇ.ആർ അലി മാസ്റ്റർ,അബൂബക്കർ ബി.പി അങ്ങാടി, നിഹ്മതുള്ള മങ്കട, ഒ.ടി സലാം,സിദ്ദിഖ് കാലടി,ഹംസു കാവണ്ണയിൽ, ജമാൽ മഞ്ചേരി,കുഞ്ഞുമോൻ എരമംഗലം,ജലീൽ കൊണ്ടോട്ടി, വി.കെ. റഷീദ് എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ വിതരണം ചെയ്തു. വഹിൽ അൽ വസൽ,അഹമ്മദ് ത്വൽഹത്ത്, ഒസാമ, മജീദ് ഫാൽകോണ്‍ എന്നിവർ കളി നിയന്ത്രിച്ചു. അയൂബ്, ഗഫൂർ, റിയാസ് മാണൂർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ