ചരിത്രവസ്തുതകളെ കാവിവൽക്കരിക്കാൻ സംഘ്പരിവാർ ശ്രമം : കേളി ബദിയ ഏരിയ സെമിനാർ

05:57 PM Mar 01, 2017 | Deepika.com
റിയാദ്: ചരിത്രവസ്തുതകളെ വളച്ചൊടിക്കാനും കാവിവൽക്കരിക്കാനും തങ്ങൾക്ക് ഒരിക്കലും സ്വന്തമല്ലാതിരുന്നവയെ സ്വന്തം പേരിൽ എഴുതിച്ചേർക്കാനുമുള്ള ശ്രമങ്ങളാണ് സംഘ്പരിവാർ സംഘടനകൾ നടത്തുന്നതെന്നും കേളി ബദിയ ഏരിയ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി കലാ സാംസ്കാരികവേദിയുടെ ഒൻപതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന ബദിയ ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായാണ് ഖാദിയിൽ നിന്ന് മോദിയിലേക്കുള്ള ദൂരം എന്ന വിഷയത്തിൽ ബദിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചത്.

സെമിനാർ കേളി കേന്ദ്ര സാംസ്കാരിക വിഭാഗം കണ്‍വീനർ ടി.ആർ. സുബ്രഹ്മണ്യൻ ഉദ്്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത് മോഡറേറ്ററായിരുന്നു. ജാഫർ വാദിലബൻ വിഷയം അവതരിപ്പിച്ചു. ഏരിയയിലെ വിവിധ യുണിറ്റുകളിൽ നിന്നെത്തിയ പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര കമ്മിറ്റി അംഗം സുധാകരൻ കല്ല്യാശേരി, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ കെ.വി. അലി, ദിനകരൻ, മനോജ് കടന്നമണ്ണ, ഏരിയ സെക്രട്ടറിയും കേന്ദ്ര കമ്മിററി അംഗവുമായ പ്രദീപ്, കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്‍റ് കണ്‍വീനർ കിഷോർ ഇ. നിസാം എന്നിവർ സംസാരിച്ചു.