പോസ്റ്റർ പ്രകാശനം ചെയ്തു

07:30 PM Feb 28, 2017 | Deepika.com
അബുദാബി: ഒരു വിനോദസഞ്ചാരകേന്ദ്രത്തിന്‍റെ പശ്ചാത്തലത്തിൽ ആകാംക്ഷയുണർത്തുന്ന കഥ പറയുന്ന ന്ധഇവാൻ ആൻഡ് ജൂലിയ’ എന്ന ഹ്രസ്വചിത്രത്തിന്‍റെ പോസ്റ്റർ പ്രശസ്ത സംവിധായകൻ സിദ്ദിഖ് പ്രകാശനം ചെയ്തു.

യൂണിലുമിനയുടെ ബാനറിൽ നാസിം മുഹമ്മദ് കഥയും തിരക്കഥയും രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അബുദാബി വേൾഡ് ട്രേഡ് സെന്‍ററിലെ നോവോ സിനിമയിൽ ഫുക്രി പ്രീമിയർ ഷോയോട് അനുബന്ധിച്ചു നടന്ന ചടങ്ങിൽ നടൻ സിദ്ദിഖ് ഏറ്റുവാങ്ങി. പ്രശസ്ത താരം ജയസൂര്യയും ഇവാന്‍റെ വേഷം അവതരിപ്പിക്കുന്ന മൊയ്തീൻ കോയയും ചടങ്ങിൽ സംബന്ധിച്ചു. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ, അസിസ്റ്റന്‍റ് പ്രോഗ്രാം ഡയറക്ടർ രാജീവ് കോടന്പള്ളി, ജോസഫ് ഫ്രാൻസിസ്, നിയാസ്കുട്ടി, ആൻഡ്രിയ മാർട്ടിൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഹൃദ്യമായ സ്പാനിഷ് സംഗീതവും ഇന്ത്യയിലെ തന്നെ മികച്ച കടൽത്തീരങ്ങളിൽ ഒന്നിന്‍റെ മനോഹാരിതയും സമന്വയിപ്പിച്ച് ഒരുക്കുന്ന ചിത്രത്തിലൂടെ സംഭ്രമജനകമായ ഒരു വലിയ കഥ ചുരുങ്ങിയ സമയം കൊണ്ട് സിനിമാസ്വാദകരിൽ എത്തിക്കാൻ ശ്രമിക്കുകയാണ് ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ.

അനീഷ് ഭാസിയും ഡൽഫിൻ ജോർജും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ ഒരു തെരുവു ഗിത്താറിസ്റ്റായി വേഷമിടുന്നത് മൊയ്തീൻ കോയയും ജൂലിയ ആയി വേഷമിടുന്നത് രേഷ്മ സോണിയുമാണ്. ജിതേഷ് ദാമോദർ, അപർണ നായർ, ഷെബിൻ ഷറഫ് തുടങ്ങിയവരും വിവിധ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. കൂടാതെ നിരവധി വിദേശികളും സ്വദേശികളും ചിത്രത്തിന്‍റെ ഭാഗമാണ്.

പ്രവീണ്‍ ജി. കുറുപ്പ് ഛായാഗ്രഹണവും സഞ്ജയ് ജയപ്രകാശ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് വൈത്തീശ്വരൻ ശങ്കരനാണ്. ചിത്രം മാർച്ച് അവസാനം തിയറ്ററുകളിലെത്തും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള