കുവൈത്ത് യുവാക്കൾക്ക് സൈനിക പരിശീലനം നിർബന്ധമാക്കുന്നു

10:45 PM Feb 27, 2017 | Deepika.com
കുവൈത്ത്: രാജ്യത്തെ യുവാക്കൾക്ക് നിർബന്ധിത സൈനിക പരിശീലനം നൽകുന്നതിനുള്ള നടപടികൾ അടുത്ത മേയ് മുതൽ ആരംഭിക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

പതിനെട്ടിനും ഇരുപതിനും ഇടയിലുള്ള സ്വദേശി യുവാക്കളാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ നൽകുന്നതിനായി രാജ്യത്തെ ഗവർണറേറ്റുകളിൽ ആറു സെന്‍ററുകൾ സജ്ജീകരിക്കും. ഓരോ ഗവർണറേറ്റുകളിലെയും പ്രായപരിധിയത്തെിയ യുവാക്കൾ അതത് സെന്‍ററുകളിലാണ് തങ്ങളുടെ രേഖകൾ നൽകേണ്ടത്. യുവാക്കൾ ഇതിനുവേണ്ടി സ്വയം സന്നദ്ധരായി അപേക്ഷ നൽകാതിരിക്കുന്നതും നൽകിയതിനുശേഷം പിന്മാറുന്നതും നിയമലംഘനവും ശിക്ഷാർഹവുമാണ്. അർഹരായ യുവാക്കളെ കണ്ടത്തെുന്നത് മേയിലാണെങ്കിലും അവർക്ക് സൈനിക പരിശീലനം നൽകുന്നത് ജൂലൈ മുതലായിരിക്കും. ഒരു വർഷമാണ് നിർബന്ധിത സൈനിക പരിശീലനത്തിന്‍റെ കാലപരിധി.

ആദ്യത്തെ മൂന്നുമാസം ആയുധവും തിരയും ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് നൽകുക. തുടർന്നു ഓരോ വിഭാഗമായി തിരിച്ച് വിവിധ സേനാ വ്യൂഹങ്ങൾക്കാവശ്യമായ പരിശീലനം നൽകും.

മാതാപിതാക്കൾക്ക് ആശ്രയമായ ഏക യുവാവ്, പഠനം, രോഗം എന്നീ സാഹചര്യങ്ങളിലുള്ള യുവാക്കൾ എന്നിവർക്ക് മാത്രമാണ് ഇതിൽനിന്ന് ഒഴിവുള്ളത്.

യുവാക്കളിൽ ദേശസ്നേഹം ഉൗട്ടിയുറപ്പിക്കുന്നതിനുപുറമെ മേഖല അഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യവുമാണ് പദ്ധതി നടപ്പാക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.

റിപ്പോർട്ട്: സലിം കോട്ടയിൽ