കേളി മലാസ് ഏരിയ സെമിനാർ സംഘടിപ്പിച്ചു

10:43 PM Feb 27, 2017 | Deepika.com
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ഒൻപതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടക്കുന്ന മലാസ് ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി മലാസ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു.

സോഷ്യൽ മീഡിയയും പ്രവാസികളും എന്ന വിഷയത്തിൽ നടന്ന സെമിനാർ കേളി കേന്ദ്രകമ്മിറ്റി അംഗവും കേന്ദ്ര സാംസ്കാരിക വിഭാഗം അംഗവുമായ സതീഷ് ബാബു കോങ്ങാടൻ ഉദ്ഘാടനം ചെയ്തു.

സോഷ്യൽ മീഡിയ ഉപയോഗത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ച് നടന്ന സെമിനാറിൽ സ്വതന്ത്രമായി അഭിപ്രായപ്രകടനങ്ങൾ നടത്താനും ഏറ്റവും പുതിയ അറിവുകൾ പങ്കുവയ്ക്കാനുമള്ള ഇടമാണ് സോഷ്യൽ മീഡിയ എങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം സോഷ്യൽ മീഡിയ ഉപയോഗവുമായി ബന്ധപ്പെട്ട് അവർ താമസിക്കുന്ന രാജ്യത്തിന്‍റെ നിയമങ്ങളെക്കുറിച്ചും സോഷ്യൽ മീഡിയ ഉപയോഗത്തിൽ പതിയിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചും കൃത്യമായ ബോധ്യം ആവശ്യമാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏരിയ കമ്മിറ്റി അംഗം ജവാദ് പരിയാട്ട് മോഡറേറററായിരുന്നു. ഏറെ കാലികപ്രസക്തിയുള്ള വിഷയത്തിൽ സാംസ്കാരിക കമ്മിറ്റി അംഗം നൗഫൽ പൂവക്കുറിശി പ്രബന്ധം അവതരിപ്പിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗം ബി.പി. രാജീവൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഉമ്മർകുട്ടി കാളികാവ്, സെബിൻ ഇഖ്ബാൽ, കേളി സൈബർ വിംഗ് ചെയർമാൻ സിജിൻ കൂവള്ളൂർ, ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ഉമ്മർ, ഏരിയ പ്രസിഡന്‍റ് കൃഷ്ണൻ കരിവെള്ളുർ, ഏരിയ സെക്രട്ടറി ജയപ്രകാശ്, പ്രകാശൻ മൊറാഴ, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ