ആഘോഷത്തിൽ മതിമറന്ന് കുവൈത്ത്

10:42 PM Feb 27, 2017 | Deepika.com
കുവൈത്ത് : ദേശീയദിന ആഘോഷവും വിമോചന ദിനവും കുവൈത്തിൽ സമുചിതമായി ആഘോഷിച്ചു. ദേശാഭിമാനത്തിന്‍റെ മധുരഗീതങ്ങൾ പാടിയും ആടിയും കൊടിതോരണങ്ങളാലും ജനങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.

ബ്രിട്ടിഷ് കോളനി ഭരണത്തിൽനിന്ന് സ്വാതന്ത്ര്യം പ്രാപിച്ചതിന്‍റെ ഓർമ പുതുക്കിയാണ് ദേശീയദിനം ആഘോഷിച്ചതെങ്കിൽ, ഇറാഖ് അധിനിവേശത്തിൽനിന്നു മോചിതമായതിന്‍റെ ഓർമയ്ക്കായാണ് വിമോചനദിനാഘോഷം. ദേശീയ പതാകയും അമീറിന്‍റേയും കിരീടാവകാശിയുടേയും പ്രധാനമന്ത്രിയുടെയും പടങ്ങളും ആലേഖനം ചെയ്ത വാഹനങ്ങളുമായി യുവാക്കളും കൊച്ചുകുട്ടികളും ബാലികാബാലൻമാരും റോഡുകളും തെരുവുകളും കൈയടക്കി. ബാർജുകളും ടഗുകളും ഉൾപ്പെടെ ദേശീയദിന ആഘോഷ പരേഡിൽ അണിനിരന്നു.

ഷുവൈഖ് തുറമുഖത്ത് ഓപ്പറേഷൻ വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ ബദർ അൽ അനേസി പതാക ഉയർത്തി. സാൽമിയയിലും മറ്റും പട്ടം പറപ്പിച്ചുമാണ് ജനങ്ങൾ രാജ്യത്തിന്‍റെ ദേശീയദിനം ആഘോഷിച്ചത്. അധിനിവേശത്തിന്‍റെ നീറുന്ന ഓർമകൾ ഓരോ കുവൈത്തിയുടെയും മനസിൽ ഇന്നും വേദനിക്കുന്ന ഓർമകളാണ്. അധിനിവേശ ഭീകരതയിൽനിന്ന് ഉയിർത്തെണീറ്റ കുവൈത്ത് ഇന്നു ലോകത്തിന് മാതൃകയാവുകയാണ്. കുവൈത്ത് ജനത അധിനിവേശക്കെടുതികളിൽനിന്ന് ഏറക്കുറെ മോചിതരായിരിക്കുന്നു. രാജ്യം വൻ വികസനക്കുതിപ്പിലാണ്.

ദേശീയ വിമോചന ദിനാഘോഷത്തിന്‍റെ ഭാഗമായി ഷെയ്ഖ് സബാഹ് അൽ അഹമ്മദ് പൈതൃക ഗ്രാമത്തിൽ കലാപരിപാടികൾ നടന്നിരുന്നു. കുവൈത്തിന്‍റേയും ഗൾഫിന്‍റേയും പൈതൃകവും പാരന്പര്യവും അനുസ്മരിക്കുന്നതായിരുന്നു ഓരോ പരിപാടികളും.