ഇസ് ലാമിക് സെമിനാറിന് ഉജ്ജ്വല സമാപനം

08:37 PM Feb 27, 2017 | Deepika.com
ഫർവാനിയ (കുവൈത്ത്): ഇസ് ലാം നിർഭയത്വത്തിന്‍റെ മതം എന്ന പ്രമേയത്തിൽ കുവൈത്ത് കേരള ഇസ് ലാഹി സെന്‍റർ സംഘടിപ്പിച്ച ചതുർദിന ഇസ് ലാമിക് സെമിനാറിന് ഉജ്ജ്വല സമാപനം.

തീവ്രവാദവും ഭീകരതയും അശാന്തി വിതയ്ക്കുന്ന ലോകത്ത് ഇസ് ലാമിന്‍റെ സമാധാന സന്ദേശം പരിചയപ്പെടുത്താനും ആനുകാലിക വിഷയങ്ങളെ ഇസ് ലാമിക കാഴ്ചപ്പാടിൽ വിലയിരുത്താനുമുതകുന്ന വിവിധ വിഷയങ്ങൾ സെമിനാർ ചർച്ച ചെയ്തു. ഇസ് ലാമിക വിശ്വാസദർശനത്തെ ശാസ്ത്രീയമായി പരിചയ പ്പെടുത്തുന്ന സൈൻസ് വിഷ്വൽ ആർക്കേഡ് എന്ന പ്രദർശനം മത ഭാഷാ വ്യത്യാസങ്ങളില്ലാതെ നിരവധിയാളുകളെ ആകർഷിച്ചു. വിദ്യാർഥികളുടെ എക്സിബിഷൻ പവിലിയൻ പ്രത്യേകം ശ്രദ്ധേയമായി. ചെറിയ കുട്ടികൾക്കായി നാലു ദിവസം നീണ്ടുനിന്ന കളിക്കൂട് എന്ന ശില്പശാലക്ക് സാജു ചെംനാട്, ഷഫീഖ് അരീക്കോട്, ഫൈസാദ് സ്വലാഹി, അംജദ് മദനി നേതൃത്വം നൽകി.

മലയാളികളല്ലാത്ത പ്രവാസിസമൂഹത്തിനു വേണ്ടി സംഘടിപ്പിച്ച ഉർദു സെഷനിൽ ഇസ്ഹാഖ് സാഹിദ് മദീനി, ഫൈസുള്ള മദീനി, ശിഹാബുദ്ദീൻ മദീനി എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ മുസ് ലിം അസോസിയേഷൻസ് ജനറൽ സെക്രട്ടറി ഡോ. ഹിദായത്തുള്ള പ്രസംഗിച്ചു. കെ.സി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. ഇംതിയാസ് മാഹി, ഇബ്റാഹിം മംഗലാപുരം എന്നിവർ പ്രസംഗിച്ചു.

പ്രബോധക സംഗമത്തിൽ ഷെയ്ഖ് മുഹമ്മദ് അൽനജ്ദി മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ സഖാഫി അൽകാമിലി, ഫൈസൽ മൗലവി, ഹാഫിദ് മുഹമ്മദ് അസ്ലം, സിദ്ദീഖ് ഫാറൂഖി, ഫൈസാദ് സ്വലാഹി എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം ജംഇയത്ത് ഇഹ് യാ ഉത്തുറാസുൽ ഇസ് ലാമി ഫത്വാ ബോർഡ് ചെയർമാൻ ഷെയ്ഖ് ഡോ. മുഹമ്മദ് ഹമൂദ് അൽ നജ്ദി ഉദ്ഘാടനം ചെയ്തു. ഹുസൈൻ സലഫി ഷാർജ മുഖ്യപ്രഭാഷണം നടത്തി.

സെന്‍റർ ജനറൽ സെക്രട്ടറി ടി.പി അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. അബ്ദുറഷീദ് കുട്ടന്പൂർ (സാമൂഹ്യ ജീവിതത്തിലെ സാമൂഹ്യപാഠങ്ങൾ), മുജാഹിദ് ബാലുശേരി (ഖുർആൻ ഹൃദയവസന്തം), ടി.കെ അഷ്റഫ് (പതറാതെ മുന്നോട്ട്), ഫൈസൽ മൗലവി (സ്വർക്ഷനരകങ്ങളുടെ യഥാർഥ്യം), പി.എൻ അബ്ദുൾ ലത്തീഫ് മദനി (ഇസ് ലാഹി പ്രസ്ഥാനം നാൾവഴികളിലൂടെ), ഖത്തർ ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് കെ.ടി. ഫൈസൽ, സക്കീർ കൊയിലാണ്ടി, എൻ.കെ. അബ്ദുസലാം എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ